കൊച്ചി: റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മുതല്‍ പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പുതുവര്‍ഷത്തില്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല.
ഈ കാലയളവില്‍ ഡ്രൈവിങ് സംബന്ധമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. കൂടാതെ ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും.
ഇങ്ങനെ പിടിക്കപ്പെട്ടാല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും ആദ്യം മുതല്‍ നടത്തേണ്ടി വരും. റോഡ് അപകടങ്ങള്‍ താരതമ്യേന കുറവായ ബ്രിട്ടനിലെ രീതി സംസ്ഥാനത്ത് നടപ്പാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്ദേശിക്കുന്നത്.
അടുത്തിടെ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.
