അപ്പച്ചി വിളിച്ചു; ബന്ധുക്കളുമൊത്ത് ക്ഷേത്ര ദര്‍ശനത്തിനായി കളിചിരികളോടെ അരുണ്‍ തിരിച്ചു; എന്നാല്‍ പാതിവഴിയില്‍ കാത്തിരുന്നത് മരണം; ഒരു കുടുംബത്തിലെ ആറുപേരെ കവര്‍ന്ന അപകടത്തില്‍ വിറങ്ങലിച്ച് നാട്

കൊല്ലം: ഇന്നലെ ഒന്നരയോടെ എംസി റോഡില്‍ ആയൂരിന് സമീപം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും മാരുതി ആള്‍ട്ടോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിറങ്ങലിച്ച് നാടാകെ. ആയൂര്‍ കൊട്ടാരക്കര റൂട്ടില്‍ ആയൂരില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി അകമണില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരും ബന്ധുവായ യുവാവുമാണ് മരിച്ചത്. റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി (45), മകള്‍ അഞ്ജന (20), സഹോദര ഭാര്യ സ്മിത (27), സ്മിതയുടെ മക്കളായ അഭിനോജ് (8), ഹര്‍ഷ (മൂന്നര), കാര്‍ ഓടിച്ചിരുന്ന ചെങ്ങന്നൂര്‍ ആലകോണത്ത് വീട്ടില്‍ അരുണ്‍ (21) എന്നിവരാണ് മരിച്ചത്.

കൂട്ടുകാരന്റെ കാറെടുത്ത് ബന്ധുക്കളെയും കൂട്ടി ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു അരുണ്‍. അപ്പച്ചിയായ സ്മിതയുടെ വിളിയെത്തിയതോടെ തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനം നടത്താന്‍ ഏറെ സന്തോഷത്തോടെയാണ് അരുണ്‍ പുറപ്പെട്ടതെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡ്രൈവിങ് ഏറെ ഇഷ്ടപ്പെട്ടിരുന്ന അരുണ്‍ ക്ഷേത്രദര്‍ശനത്തിന്റെ തലേന്ന് വൈകിട്ട് പിതൃ സഹോദരി സ്മിതയുടെ വീട്ടിലെത്തി. അനിയത്തി ആതിരയ്ക്കും തിരുവനന്തപുരത്തേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കാറില്‍ ഇടമില്ലാത്തതിനാല്‍ ആതിര യാത്ര ഉപേക്ഷിക്കുകയായിരുന്നു.

രാത്രി വിശ്രമത്തിന് ശേഷം പുലര്‍ച്ചെ 5 മണിയോടെയാണ് കുടുംബം തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഏറെ സന്തോഷത്തോടെ കൊച്ചുകുട്ടികളുടെയും മറ്റും കളിയും ചിരിയുമായി മടങ്ങുമ്പോഴായിരുന്നു അപകടം മരണത്തിന്റെ രൂപത്തിലെത്തി ആറുപേരെയും കവര്‍ന്നെടുത്തത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തേക്കുതന്നെ കാര്‍ ഇടിച്ചുകയറി. സംഭവസ്ഥലത്തുവച്ചുതന്നെ അപ്പച്ചിക്കും മറ്റൊരു ബന്ധുവിനുമൊപ്പം അരുണും മരിച്ചു. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

ചങ്ങനാശ്ശേരി ആലകോണേത്ത് ഹൗസില്‍ സുദര്‍ശനന്റെയും രജനിയുടെയും മൂത്തമകനാണ് അരുണ്‍. ഐടിഐ പഠനത്തിന് ശേഷം തൊഴില്‍ തേടുകയായിരുന്നു. സര്‍ക്കാര്‍ ജോലി നേടണമെന്നായിരുന്നു ആഗ്രഹമെന്ന് കൂട്ടുകാര്‍ പറയുന്നു. ഡ്രൈവിംഗ് അരുണിന് ഇഷ്ടവിനോദമായിരുന്നു.

Exit mobile version