തീര്‍ത്ഥാടകര്‍ക്ക് വെല്ലുവിളിയായി വീണ്ടും കാനന പാതയില്‍ കാട്ടാന ഇറങ്ങി! തീര്‍ത്ഥാടകര്‍ക്ക് പരിക്ക്, ചിതറി ഓടിയവരുടെ യാതൊരു വിവരവുമില്ല

കഴിഞ്ഞ ദിവസം മുക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സേലം സ്വദേശി പരമശിവം കൊല്ലപ്പെട്ടിരുന്നു.

മുണ്ടക്കയം: തീര്‍ത്ഥാടകര്‍ക്ക് കനത്ത വെല്ലുവിളിയായി വീണ്ടും ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആക്രമണം. നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. മംഗലാപുരം, വിജയവാഡ സ്വദേശികളായ 5 പേരെ കോട്ടയം മെഡിക്കല്‍ കോളജിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആനയെ കണ്ട് ഭയന്നോടിയ തീര്‍ത്ഥാടകരെ കുറിച്ച് യാതതൊരു അറിവും ലഭിച്ചിട്ടില്ല.

ഇന്നലെ രാത്രി മുക്കുഴിയില്‍ നിന്നു അര കിലോമീറ്റര്‍ അകലെ ചീനിത്താവളത്താണു 7 കാട്ടാനകളുടെ സംഘം തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി എത്തിയത്. കഴിഞ്ഞ ദിവസം മുക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സേലം സ്വദേശി പരമശിവം കൊല്ലപ്പെട്ടിരുന്നു.

അതേ സ്ഥലത്താണു ഇന്നും ആക്രമണം. ഇന്നലെ രാത്രി 7 മണിയോടെയാണു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 അംഗ സംഘം ചീനിത്താവളത്ത് എത്തിയത്. അപ്രതീക്ഷിത ആക്രമണത്തില്‍ തീര്‍ത്ഥാടകര്‍ ചിതറിയോടി. ഇവരുടെ നിലവിളി കേട്ട് എത്തിയ വനപാലകര്‍ ആനക്കൂട്ടത്തെ തുരത്തിയ ശേഷം മുക്കുഴി വരെ ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലേക്കു മാറ്റിയത്.

Exit mobile version