‘അവര്‍ ചെയ്തത് തെറ്റാണ്’: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചതില്‍ ഫഹദ് ഫാസില്‍

കൊച്ചി: നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍. അവര്‍ ചെയ്തത് തെറ്റാണെന്ന് ഫഹദ് പറഞ്ഞു. പുതിയ ചിത്രം ആവേശത്തിന്റെ പ്രൊമോഷനായി ആലുവ യുസി കോളേജില്‍ എത്തിയപ്പോഴായിരുന്നു ഫഹദിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികളുമായി നടത്തിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. വലിയ തരത്തിലുള്ള വിമര്‍ശനം സത്യഭാമക്കെതിരെ ഉണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി ഇടങ്ങളില്‍ രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലും മോഹിനിയാട്ടം അവതരിപ്പിച്ചു. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയനാണ് കൂത്തമ്പലത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് വേദിയൊരുക്കിയത്. ആര്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം കാണാന്‍ നിരവധി പേരാണ് കൂത്തമ്പലത്തിലെത്തിയത്. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെല്ലാം സദസ്സിലെത്തി.

Exit mobile version