ആരോഗ്യമന്ത്രിയുടെ ചിത്രം മുഖചിത്രമാക്കി ഫഹദ് ഫാസില്‍, നടന്റെ സിനിമകള്‍ ഇനി കാണില്ലെന്ന് ചില കമന്റുകള്‍, വിലകൊടുക്കാതെ സോഷ്യല്‍മീഡിയ, അഭിനന്ദനപ്രവാഹം

തിരുവനന്തപുരം: അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന്റെ ഇന്ത്യ പതിപ്പിന്റെ കവര്‍ പേജില്‍ കേരളത്തിന്റെ സ്വന്തം ആരോഗ്യമന്ത്രി കെകെ ശൈലജ ഇടം പിടിച്ചിരുന്നു. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ കവര്‍ ചിത്രം നല്‍കിയിരിക്കുന്നത്.

ചിത്രം പുറത്തുവന്നതിന് പിന്നാലെ തന്നെ നിരവധി പേരാണ് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സിനിമ താരങ്ങളായ ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ചിത്രം പങ്കുവച്ചിരുന്നു. ഫഹദ് ഫാസില്‍ മാഗസിന്റെ ചിത്രം തന്റെ പ്രൊഫൈല്‍ പിക്ചറുമാക്കി.

നിരവധി പേരാണ് ഫഹദിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. കൂടുതല്‍ പേരും ആരോഗ്യ മന്ത്രിയെ വാനോളം പുകഴ്ത്തി. അതേസമയം വിമര്‍ശിച്ചെത്തിയവരുമുണ്ട്. ഫഹദിന്റെ സിനിമകള്‍ ഇനി കാണില്ലെന്ന് കമന്റ് രേഖപ്പെടുത്തിയവരും ഇതിലുണ്ട്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യമേഖലയുടെ മുന്നില്‍ നിന്ന് അതിജീവിച്ചതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യമന്ത്രിയുടെ അഭിമുഖവും മാഗസീനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഭയപ്പെടാനുള്ള സമയം ഇല്ലെന്നും ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് ആവേശകരമായിരുന്നു എന്നും കെകെ ശൈലജ വോഗിനോട് പറഞ്ഞു.

Exit mobile version