‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’, താലിമാല പൊട്ടിച്ചെടുത്തു: പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മരുമകളെ പുറത്താക്കി; സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്. കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട് മരുമകളെ വീട്ടില്‍ നിന്നും പുറത്താക്കി. മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നുമാണ് എഫ്ഐആര്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും തമ്മിലുള്ള വിവാഹം നടന്നത്. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയ ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങികൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. വീടും പരിസരവും മകന്റെ പേരില്‍ എഴുതികൊടുത്ത് ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

2022 സെപ്തംബര്‍ 29 ന് പരാതിക്കാരിയെ സത്യഭാമയും മകനും ചേര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോള്‍ ‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’ എന്നു പറഞ്ഞ് സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തെന്നും എഫ്ഐആറില്‍ പറയുന്നു. പിന്നാലെ സത്യഭാമ മരുമകളുടെ മുഖത്ത് അടിച്ച് തറയില്‍ തള്ളിയിട്ടെന്നും വസ്ത്രങ്ങളും മറ്റും വാരി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും പരാതിയുണ്ട്.

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശം വിവാദമായതോടൊയാണ് ഈ കേസിന്റെയും വിവരങ്ങള്‍ പുറത്തായത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

Exit mobile version