പേരാമ്പ്ര കൊലപാതകം; ഇരയെ തേടി പ്രതി ഈ വഴി കറങ്ങിയത് പലതവണയെന്ന് സിസിടിവി; ഒടുവിൽ പത്ത് മിനിറ്റിനുള്ളിൽ അനുവിനെ കൊന്ന് സ്ഥലം വിട്ട് പ്രതി

കോഴിക്കോട്: പേരാമ്പ്രയെ നടുക്കിയാണ് തോട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ വാർത്ത പരന്നത്. പൊതുവെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ശാന്തമായ അന്തരീക്ഷമുള്ള പ്രദേശത്ത് നടന്ന ക്രൂരമായ കൊലപാതകം ഇവിടുത്തെ ജനങ്ങൾക്ക് വലിയ നടുങ്ങലുണ്ടാക്കിയിരിക്കുകയാണ്. ഈ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തെത്തുമ്പോൾ കൊടുംക്രൂരതയാണ് നടന്നതെന്ന് വ്യക്തമാവുകയാണ്.

സംഭവദിവസം സ്ഥിരം കുറ്റവാളിയായ മുജീബ് റഹ്‌മാൻ കുറ്റകൃത്യം ലക്ഷ്യം വെച്ച് കറങ്ങി നടക്കുന്നതിനിടെയാണ് ധൃതിയിൽ നടന്നുപോവുകയായിരുന്ന അനുവിന്റെ മേൽ കണ്ണുടക്കിയതെന്ന് പോലീസ് പറയുന്നു. നൊച്ചാട് സ്വദേശിയായ അനു സമീപത്തെ ജംഗ്ഷനിലേക്ക് നടക്കുകയായിരുന്നു. യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത പ്രതി പട്ടാപ്പകൽ ജനവാസമേഖലയിൽ വച്ച് യുവതിയെ കൊലപ്പെടുത്തി സ്വർണം കവർന്ന് കടന്നുകളയുകയായിരുന്നു.

പ്രതി മുജീബ് റഹ്‌മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങിയതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആയിരത്തോളം ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവദിവസം മുജീബ് റഹ്‌മാൻ പല തവണ കടന്നുപോയിട്ടുള്ളത്. മോഷണമായിരുന്നു മുജീബിന്റെ ലക്ഷ്യമെന്നാണ് പോലീസ് നിഗമനം. മോഷണമോ പിടിച്ചുപറിയോ നടത്താനായി ആളില്ലാത്ത ഇടറോഡിൽ കറങ്ങി നടക്കുകയായിരുന്നു ഇയാൾ.

മട്ടന്നൂരിൽ നിന്നും ബൈക്ക് കവർന്ന് പേരാമ്പ്ര വഴി മലപ്പുറത്തേക്ക് തിരിക്കുകയായിരുന്നു പ്രതി. പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറിയത് മോഷണത്തിനായുള്ള സ്ഥലം കണ്ടുവെയ്ക്കാനായിരുന്നു. രാവിലെ ഒമ്പത് മണിക്ക് ശേഷം വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ- വാളൂർ അമ്പലം റോഡിൽ മൂന്ന് തവണ പ്രതി കറങ്ങി.

ALSO READ-‘കലാമണ്ഡലം ഗോപിയെ വിളിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’; മകന്റെ ആരോപണങ്ങൾ നിഷേധിച്ച് സുരേഷ് ഗോപി

ഇതിനിടെ ധൃതിയിൽ നടന്നുവരികയായിരുന്ന യുവതിയെ കണ്ടത്. യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങൾ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. അനുവിനെ തോട്ടിൽ താഴ്ത്തി കൊലപ്പെടുത്തി, ആഭരണങ്ങൾ കവർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് 10 മിനുറ്റ് മാത്രമാണെന്നതും മുജീബിനുള്ളിലെ കൊടുംക്രിമിനലിനെ വെളിപ്പെടുത്തുന്നു. കൊടുംഎത്രമാത്രം അപകടകാരിയാണെന്നത് തുറന്നുകാട്ടുന്നു.


ഇയാൾ കവർച്ചയും കൊലപാതകവും നടത്തി ഹെൽമെറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. പിന്നീട് എടവണ്ണപ്പാറയിൽ എത്തുന്നതിനിടെ ഒരിക്കൽ പോലും ഹെൽമെറ്റ് ഊരിയില്ല. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി കുടുങ്ങിയതാണ് പോലീസ് അന്വേഷണത്തിൽ വഴിത്തിരിവ് നൽകിയത്. ഒടുവിൽ സാഹസികമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

പ്രതി ഒറ്റയ്ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ്. മോഷണക്കേസിൽ ഇക്കഴിഞ്ഞ ജനുവരിയിൽ ജയിലിൽ നിന്നും ഇറങ്ങിയ ഇയാളുടെ കുറ്റകൃത്യ രീതിയും സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കിയതുമാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. പ്രതി സമാനമായ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയോ എന്ന് പരിശോധിച്ചുവരികയാണ് പോലീസിപ്പോൾ.

Exit mobile version