അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ വിദേശതാരം ചവിട്ടിയെന്ന് കുട്ടിയുടെ പരാതി; കാണികളുടെ മർദ്ദനമേറ്റ താരത്തിന് എതിരെ കേസെടുത്തു

മലപ്പുറം: അരീക്കോട് ചെമ്രക്കാട്ടൂരിൽ നടന്ന ഫൈവ്സ് ഫുട്ബോൾ മത്സരത്തിനിടെ കാണികളുടെ കൂട്ടമർദ്ദനമേറ്റ വിദേശതാരം ഹസൻ ജൂനിയറിന് എതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വിദേശ താരം തന്നെ ചവിട്ടിയെന്ന കുട്ടിയുടെ പരാതിയിലാണ് പോലീസ് നടപടി. സംഭവദിവസത്തെ മത്സരം കാണാൻ കാണിയായി എത്തിയതായിരുന്നു ഈ കുട്ടി. കളിക്കിടയിൽ ഹസ്സൻ ജൂനിയർ എന്ന താരം ഓടിവന്ന് ചവിട്ടിയെന്ന് അരീക്കോട് പോലീസ് സ്റ്റേഷനിൽ നൽകിയ കുട്ടിയുടെ പരാതിയിൽ പറയുന്നു.

വംശീയാധിക്ഷേപവും മർദ്ദനവും നേരിട്ടെന്ന ഐവറികോസ്റ്റ് താരത്തിന്റെ പരാതിക്ക് പിന്നാലെയാണ് കുട്ടിയും പരാതി നൽകിയിരിക്കുന്നത്. കുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി എസ്എച്ച്ഒ എ ആദംഖാൻ പറഞ്ഞു. ചെമ്രക്കാട്ടൂരിൽ നടന്ന മത്സരത്തിനിടെ ഹസ്സൻ ജൂനിയറിനെ കാണികൾ മൈതാനത്തിലിറങ്ങി കൂട്ടമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച താരത്തെ കാണികൾ പിന്തുടർന്ന് മർദ്ദിക്കുന്നതും ദൃശ്യത്തിലുണ്ടായികുന്നു. ആൾക്കൂട്ട ആക്രമണത്തിനും വംശീയാധിക്ഷേപത്തിനും ഇരയായെന്ന് ആരോപിച്ചും കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ടും ഹസ്സൻ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ സാക്ഷികളെ ചോദ്യംചെയ്‌തെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ALSO READ- ‘കോണ്‍ഗ്രസിന് കെ കരുണാകരന്റെ മക്കളെ വേണ്ടെന്ന കാര്യം അധികം വൈകാതെ തന്നെ മുരളീധരന് മനസ്സിലാവും, ഒരു പരവതാനി വിരിച്ചിട്ടാണ് ഞാന്‍ ബിജെപിയിലേക്ക് വന്നത്’ ; പദ്മജ വേണുഗോപാല്‍

അതേസമയം, വംശീയാധിക്ഷേപം നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നാട്ടുകാർ പറയുന്നു. ഹസ്സൻ മത്സരത്തിനിടെ കുട്ടിയെ ചവിട്ടിവീഴ്ത്തിയെന്നും ഇതേത്തുടർന്ന് പ്രകോപിതരായ കാണികൾ ഇയാൾക്കെതിരേ തിരിയുകയായിരുന്നൂവെന്നുമാണ് നാട്ടുകാരുടെ വാക്കുകൾ.

Exit mobile version