ബിജെപി ആരെയും കറിവേപ്പില പോലെ വലിച്ചെറിയില്ല: പത്മജ സ്ഥാനാര്‍ഥിയാകുമോ എന്നത് പറയാനാവില്ല; കെ സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്മയുടെ പാര്‍ട്ടി പ്രവേശനത്തിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

പത്മജ സ്ഥാനാര്‍ഥിയാകുമോ എന്നത് ഇപ്പോള്‍ പറയാനാവില്ല. ബിജെപിയില്‍ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനില്‍ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നെന്നും സുരേന്ദ്രന്‍ പറയുന്നു.

മാത്രമല്ല കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്കും സുരേന്ദ്രന്‍ മറുപടി നല്‍കുന്നുണ്ട്, പ്രസക്തിയില്ലെന്നും നിരാശയില്‍ നിന്നുള്ള വാക്കുകളാണ് മുരളീധരന്റേതെന്നും പറഞ്ഞു. കോണ്‍ഗ്രസിനെയും കരുണാകരനെയും ചതിച്ചയാളാണ് മുരളീധരന്‍. ആരെയും കറിവേപ്പില പോലെ ബിജെപി വലിച്ചെറിയില്ല. പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന ഉറപ്പാണ്.

ഇനിയും പലരും പാര്‍ട്ടിയിലേക്ക് വരും. അതുകൊണ്ടാണ് സീറ്റുകള്‍ പലതും ഒഴിച്ചിട്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചുവെന്നും കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമന്യു കൊലക്കേസ് വിചാരണയ്‌ക്കെടുക്കാന്‍ ഇരിക്കെ പ്രധാന തെളിവുകള്‍ അപ്രത്യക്ഷമായത് യാദൃശ്ചികമല്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രധാന പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പ്രധാന പ്രതികളെ കടന്നു കളയാന്‍ സഹായിച്ചത് അന്നത്തെ പോലീസായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ കളികള്‍ മാത്രമല്ല രാഷ്ട്രീയ തലത്തിലെ കളികളുമുണ്ട്.

Exit mobile version