കേരള ചരിത്രത്തിലെ ഏറ്റവും വലിയ മണ്ഡല വികസനം; കോട്ടയത്ത് 5 വർഷം കൊണ്ട് 4115.95 കോടിയുടെ വികസന പദ്ധതികൾ; വികസന രേഖയുമായി എംപി തോമസ് ചാഴികാടൻ

കോട്ടയം: പാർലമെന്റ് അംഗമായി ചുമതലയേറ്റ് കഴിഞ്ഞ 5 വർഷങ്ങൾകൊണ്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിരവധി വികസന പദ്ധതികളിലൂടെ 4115.95 കോടി രൂപ ചിലവഴിച്ച് തോമസ് ചാഴികാടൻ എംപി. ഈ വികസന പദ്ധതികൾ വിവരിക്കുന്ന സമഗ്ര വികസന രേഖ എംപി പുറത്തിറക്കി. ശനിയാഴ്ച കോട്ടയം പ്രസ് ക്ലബ്ബിൽ മന്ത്രിമാരെയും എംപിമാരെയും മാധ്യമ പ്രവർത്തകരെയും സാക്ഷിയാക്കി പ്രകാശനം ചെയ്ത തോമസ് ചാഴികാടന്റെ വികസന രേഖയിൽ കേരളാചരിത്രത്തിൽ ഏറ്റവും കൂടുതൽ മണ്ഡല വികസനം സാധ്യമാക്കിയതിന്റെ നേർചിത്രമാണ് കാണാനാവുക.

100 ശതമാനം എംപി ഫണ്ട് വിനിയോഗത്തിലൂടെ കേരളത്തിലെ 20 എംപിമാരിൽ ഒന്നാമതെത്തിയ ചാഴികാടൻ കോട്ടയത്ത് ആയിരം കോടിയ്ക്ക് അടുത്തെത്തിയ റെയിൽവേ വികസനത്തിനാണ് നേതൃത്വം നൽകിയത്. പാത ഇരട്ടിപ്പിക്കൽ, കായംകുളം – കോട്ടയം – എറണാകുളം പാതയുടെ വേഗത 110 കിമി ആയി വർധിപ്പിക്കുന്നതിനുള്ള പദ്ധതി, കോട്ടയം റെയിൽവേ സ്റ്റേഷൻ വികസനം, റെയിൽവേ മേൽപാലങ്ങൾ തുടങ്ങി പൂർത്തിയായതും നടന്നു വരുന്നതുമായ പദ്ധതികളിലായി 925.796 കോടി രൂപയുടെ വികസന പദ്ധതികൾ വികസന രേഖയിൽ വിശദീകരിക്കുന്നു.

അമൃത് കുടിവെള്ള പദ്ധതി, സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ടർ ഫണ്ട്, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങി 28 പദ്ധതികളിലൂടെ 3089.96 കോടി രൂപയാണ് എംപിയുടെ ശ്രമഫലമായി കോട്ടയം മണ്ഡലത്തിലെത്തിച്ചത്.

പിഎംജിഎസ്വൈ പദ്ധതി വഴി കേരളത്തിൽ ഏറ്റവും കൂടുതൽ കിലോമീറ്റർ റോഡ് വികസനം നടത്തിയതും തോമസ് ചാഴികാടൻ മുൻകൈയ്യെടുത്ത് കോട്ടയത്താണ്. ഇവിടെ 92.67 കിലോമീറ്റർ റോഡുകൾക്ക് 75.61 കോടി രൂപയാണ് ചിലവഴിച്ചത്.

സിഎസ്ആർ ഫണ്ട്, പിഎം കെയേഴ്‌സ് ഫണ്ട് എന്നിവ വഴി കോട്ടയത്തെ ആശുപത്രികൾക്കും വിവിധ സ്ഥാപനങ്ങൾക്കും 1.90 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കിയതായി രേഖയിൽ പറയുന്നു. 1600 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തതിലൂടെ കോട്ടയത്തെ ഭിന്നശേഷി സൗഹൃദ ജില്ലയായി മാറ്റി.

ALSO READ- ഒളിച്ചോടി മലപ്പുറത്തെത്തി; കാമുകനും പിതാവും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി; കൂട്ടുനിന്ന് മാതാവ്; മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചത് യുവതി; നാലുപേരും അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് മാത്രം എംപിയുടെ ശുപാർശ വഴിയായി 2.79 കോടി രൂപയാണ് മണ്ഡലത്തിൽ ലഭ്യമാക്കിയത്. 277 പദ്ധതികൾ നടപ്പിലാക്കിയാണ് കേന്ദ്രം അനുവദിച്ച 17.22 കോടിയുടെ എംപി ഫണ്ട് പാർലമെന്റ് മണ്ഡലങ്ങളിൽ നടപ്പിലാക്കിയത്. അമ്പതിനായിരത്തിന്റെ പദ്ധതികൾ തുടങ്ങി 34 ലക്ഷത്തിൻറെ പദ്ധതി വരെ ഇതിൽ ഉൾപ്പെടുന്നു. കോട്ടയത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റും ചാഴികാടനുണ്ട്.

മറ്റ് എംപിമാർ കോടികൾ ചിലവഴിക്കേണ്ട കൈവിരലിലെണ്ണാവുന്ന പദ്ധതികളിലൂടെ പണം ചെലവഴിക്കാൻ ശ്രമിക്കുമ്പോഴാണ് 272 പദ്ധതികൾ ഏറ്റെടുത്ത് അത് പൂർത്തിയാക്കിയതെന്നതാണ് ചാഴികാടന്റെ ശ്രദ്ധേയമായ നേട്ടം.

ഓരോ പദ്ധതികളും ഓരോ നിയോജക മണ്ഡലങ്ങൾ തിരിച്ച് രേഖപ്പെടുത്തി പദ്ധതിയുടെ പേരും ചിലവഴിച്ച സംഖ്യയും ഉൾപ്പെടെ വികസന രേഖയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഫണ്ട് വിനിയോഗത്തിൽ എ – പ്ലസ് നേടിയ എംപി എന്ന വിശേഷണത്തോടെയാണ് സഹകരണ മന്ത്രി വി.എൻ വാസവൻ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വിബി ബിനുവിന് കോപ്പി നൽകി വികസന രേഖ പ്രകാശനം ചെയ്തത്. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി ബിന്ദു ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

സമഗ്ര വികസന രേഖ

Exit mobile version