തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസ് സംരക്ഷണം നല്‍കും; പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി തീര്‍പ്പാക്കി കോടതി

കൊച്ചി: ശബിമലയിലേക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷാ പ്രശ്‌നമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഘോഷയാത്രയ്ക്ക് സായുധ പോലീസിന്റെ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി അവസാനിച്ചത്. തിരുവാഭരണം നശിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് കാട്ടിയായിരുന്നു പന്തളം കൊട്ടാര പ്രതിനിധിയുടെ ഹര്‍ജി.

ദേവസ്വം ബോര്‍ഡിന്റേയും പോലീസിന്റെയും ഉറപ്പില്‍ പന്തളം കൊട്ടാരം നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി. തിരുവാഭരണ ഘോഷയാത്ര പതിവുപോലെ നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രക്കും പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം തിരിച്ചെത്തിക്കുന്നതിനും പോലീസ് സംരക്ഷണം നല്‍കണമന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരമാണ് കോടതിയെ സമീപിച്ചത്. തിരുവാഭരണത്തിന് കേടുപറ്റാതെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഉറപ്പ് നല്‍കി. ബോംബ് സ്‌ക്വാഡും സംഘത്തിലുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Exit mobile version