വയനാട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; റാഗിംഗിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് കെട്ടിത്തൂക്കിയെന്ന് ബന്ധുക്കൾ; 12 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

പൂക്കോട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയാണ് ഈ മാസം 18ന് മരണപ്പെട്ടത്. റാഗിംഗ് മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേർന്ന് സിദ്ധാർത്ഥ്‌നെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.

സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്.

ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടനെ ലഭിച്ചേക്കും.

ALSO READ-അപകടത്തിൽ പരിക്കേറ്റ 23കാരന് നൽകിയത് എബി പോസിറ്റീവിന് പകരം ഒ പോസിറ്റീവ് രക്തം; സർക്കാർ ആശുപത്രിയിലെ അനാസ്ഥയിൽ ദാരുണമരണം

അതേസമം, വിദ്യാർത്ഥിയുടെ ആത്മഹത്യ നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കോളേജ് അധികാരികൾ മൗനം തുടരുന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി കെഎസ്യു ആരോപിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്‌റൂമിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

Exit mobile version