‘കഞ്ചാവാണോ’; തലകറങ്ങി വീണ കൂട്ടുകാരനൊപ്പം നിന്നതിന് അധ്യാപകരുടെ അടിയും അപമാനവും; ഏഴാംക്ലാസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ വിവാദം

കലവൂർ: സ്‌കൂൾവിട്ടെത്തിയ ഏഴാംക്ലാസുകാരൻ അതേ യൂണിഫോമിൽ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ രക്ഷിതാക്കളുടെ പരാതി. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഡിജിപി, സിബിഎസ്ഇ കൗൺസിൽ തുടങ്ങിയവർക്കാണ് കലവൂർ അഴിക്കകത്ത് വീട്ടിൽ മനോജ് പരാതി നൽകിയത്. അധ്യാപകർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്തതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് മനോജിന്റെ പരാതി. കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്ന പ്രജിത്ത് വീടിന്റെ ഹാളിലാണു തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച സ്‌കൂൾ വിട്ടുവന്ന കുട്ടി അതേ യൂണിഫോമോടെയാണ് തൂങ്ങിമരിച്ചത്. മൂത്ത സഹോദരൻ പ്രണവ് സ്‌കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച അവസാനപീരിയഡിൽ പ്രജിത്തും ഒരു സഹപാഠിയും ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് അനൗൺസ്‌മെന്റ് നടത്തി കുട്ടികളെ വരുത്തിച്ചു. തുടർന്ന് അധ്യാപകൻ ജനലിൽ പിടിപ്പിച്ചുനിർത്തി പ്രജിത്തിനെ തല്ലിയെന്നും ഒരു അധ്യാപിക മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അപമാനിച്ചുവെന്നും പോലീസിൽ നൽകിയ പരാതിയിൽ മനോജ് പറയുന്നു.

എന്നാൽ സഹപാഠിയായ വിജയ് തലകറങ്ങി വീണതിനെ തുടർന്ന് വെള്ളം എടുക്കാൻ പോയതാണെന്ന് പ്രജിത് പറഞ്ഞെങ്കിലും അധ്യാപകർ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പി.ടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട്പല തവണ തല്ലുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്.

അതിന് തൊട്ടു പിറകെ രേഷ്മ,ഡോളി എന്നീ അധ്യാപകർ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ശാസിക്കുകയും കുട്ടികളെ അപമാനിക്കുകയും ചെയ്തുവെന്നും പ്രജിത്തിന്റെ അച്ഛൻ മനോജ് പറഞ്ഞു. ഇതേതുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികൾ പറയുന്നു.

ALSO READ- കുഞ്ഞിന് മൂന്നടി ഉയരം, മെലിഞ്ഞശരീരം; കാണാതാവുമ്പോൾ ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്; വിവരം ലഭിക്കുന്നവർ 0471- 2743195 എന്ന നമ്പറിൽ വിളിക്കുക

എന്നാൽ സ്‌കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ സോഫിയ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. പിറ്റേ ദിവസം അച്ഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകർ പറഞ്ഞിട്ടുള്ളൂ എന്നാണ് സിസ്റ്റർ സോഫിയയുടെ വാദം.

പ്രജിത്തിന്റെമരണത്തിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Exit mobile version