കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം; ജനജീവിതം സ്തംഭിപ്പിച്ച് ഹർത്താൽ

പുൽപ്പള്ളി: തുടർച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതിന് എതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വയനാട്ടിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. മൂന്ന് മുന്നണികളും ആഹ്വാനം ചെയ്ത ഹർത്താലിനിടെ വയനാട്ടിലേക്ക് എത്തുന്ന വാഹനങ്ങൾ തടയുന്നുണ്ട്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്.

അതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിൽ എത്തിച്ചു. മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാന്റിൽ നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കൊണ്ടുപോയ പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചതോടെ ആയിരുന്നു പ്രതിഷേധം.

പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബാംഗങ്ങൾ ഉന്നയിക്കുന്നത്. ഇത് അംഗീകരിച്ചതിന് ശേഷമായിരിക്കും സംസ്‌കാരചടങ്ങുകൾ എന്നാണ് വിവരം.
ALSO READ- ‘ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; അന്തിമതീരുമാനം കേന്ദ്ര നേതൃത്വം പറയും’: കെ സുരേന്ദ്രൻ

എംഎൽഎ, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വെള്ളിയാഴ്ച പോളിന്റെ വീട് സന്ദർശിച്ചിരുന്നു. വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനായിരുന്ന പോളിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വനംവകുപ്പിന് കീഴിലുള്ള കുറുവ വനസംരക്ഷണ സമിതി ഏറ്റെടുക്കുമെന്ന് അനൗദ്യോഗികമായ വിവരം ലഭിച്ചിരുന്നു.

ശനിയാഴ്ച രാവിലെ ആറുമണി മുതൽ ആരംഭിച്ച ഹർത്താൽ ാകരണം കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ഹർത്താലിൽ എല്ലാ രീതിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

Exit mobile version