ഒടുവില്‍ മനുവിന്റെ മൃതദേഹം ഏറ്റെടുത്ത് കുടുംബം; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളി ജെബിന് കോടതിയുടെ അനുമതി

കൊച്ചി: താമസക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണുമരിച്ച എല്‍ജിബിടിക്യുഐ വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ ബന്ധുക്കള്‍ ഏറ്റെടുത്തു. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹമാണ് ദിവസങ്ങള്‍ക്ക് ശേഷം കുടുംബം ഏറ്റെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മനുവിന്റെ മൃതദേഹം കണ്ണൂരിലേക്കു കൊണ്ടുപോകാനാണു തീരുമാനം.

മനുവിന്റെ പങ്കാളി മുണ്ടക്കയം സ്വദേശി ജെബിന് കളമശേരി മെഡിക്കല്‍ കോളജില്‍വച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. മൃതദേഹത്തെ അനുഗമിക്കാന്‍ അനുവദിക്കണമെന്നു ജെബിന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും മരിച്ചയാളുടെ സഹോദരനുമായി സംസാരിച്ച് തീരുമാനത്തിലെത്താനാണ് കോടതി നിര്‍ദേശിച്ചത്.

ഈ മാസം മൂന്നിനു പുലര്‍ച്ചെയാണു മനു അപകടത്തില്‍പ്പെട്ടത്. ഫോണ്‍ ചെയ്യാനായി ടെറസിലേക്കു പോയ മനു തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മനുവിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങുകയും ചെയ്തു.

ബന്ധുക്കളെ മരണവിവരം അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാനോ ആശുപത്രി ബില്‍ അടയ്ക്കാനോ തയ്യാറായിരുന്നില്ല. അതേസമയം, ക്വീര്‍ പങ്കാളിക്ക് മൃതദേഹം വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി. തുടര്‍ന്നാണ് പങ്കാളിയായ ജെബിന്‍ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പിന്നീട് ആശുപത്രിയിലെ ലക്ഷത്തോളം രൂപയുടെ ബില്‍ അടയ്‌ക്കേണ്ടതില്ലെന്നും ആശുപത്രി കോടതിയെ അറിയിച്ചിരുന്നു.

also read- ‘ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

ലിവ് ഇന്‍ റിലേഷന്‍ഷിപ്പായി എറണാകുളത്തെ ഫ്‌ലാറ്റില്‍ ഒന്നിച്ചാണു താമസിച്ചിരുന്നതെന്നും പങ്കാളിയായ മനുവിന്റെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു. മനുവിന്റെ മാതാപിതാക്കള്‍ പണമടച്ച് മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറല്ലെന്ന് അറിയിച്ചതിനാല്‍ തനിക്ക് മൃതദേഹം വിട്ടുനല്‍കണമെന്നാണ് ജെബിന്‍ ആവശ്യപ്പെട്ടത്.


അതേസമയം, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ്, മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ സമ്മതം അറിയിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Exit mobile version