‘ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്ക് എതിരെ കേരളസര്‍ക്കാര്‍ നടത്തുന്ന സമരത്തിനിടയിലും കേരള ഗവര്‍ണര്‍ക്ക് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഗവര്‍ണര്‍ക്ക് എതിരെ പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ കേരളം നടത്തുന്ന സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഗവര്‍ണര്‍ കേരളത്തിലല്ല, ഡല്‍ഹിയിലാണ് മിക്ക സമയത്തെന്നും പിണറായി വിമര്‍ശിച്ചത്. ”കേരള ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ല. മിക്കപ്പോഴും അദ്ദേഹം പുറത്താണ്. ഇനിയിപ്പോള്‍ കേരളത്തില്‍ വന്നാലും, നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ പോലും സമയമില്ല.’

‘ഇന്നും അദ്ദേഹം ഡല്‍ഹിയിലുണ്ട്. കേരളത്തിന്റെ സമരം കാണാന്‍ വന്നതാണോ അദ്ദേഹമെന്ന് ചിലര്‍ ചോദിച്ചു. ഇനി വന്നാലും അദ്ദേഹം റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ.’- മുഖ്യമന്ത്രി പറഞ്ഞു.

also read- കേന്ദ്രസര്‍ക്കാരിന് എതിരെ മൂന്ന് മുഖ്യമന്ത്രിമാരുടെ പ്രതിഷേധം; ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായിക്കൊപ്പം അണിനിരന്ന് കെജരിവാളും ഭഗവന്ത് മന്നും

ഫെഡറലിസം സംരക്ഷിക്കണം എന്ന മുദ്രാവാക്യവുമായാണ് ജന്തര്‍ മന്തറില്‍ കേരളത്തിന്റെ പ്രതിഷേധ സമരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരള ഹൗസില്‍നിന്ന് പ്രതിഷേധ പ്രകടനമായാണ് ജനപ്രതിനിധികളും തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയും ജന്തര്‍ മന്തറിലെ വേദിയിലെത്തിയത്.

പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡിഎംകെ മന്ത്രി പഴനിവേല്‍ ത്യാഗരാജ്, ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത് ചരിത്രമായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും സമരത്തില്‍ അണിനിരക്കുന്നുണ്ട്.

Exit mobile version