നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി; ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി നെയ്യാറ്റിന്‍കരയില്‍ അപകടം. ബസ് കാത്തുനിന്ന ആറ് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കല്‍ സ്വദേശിനി ലതാകുമാരി, മഞ്ചവിളാകം സ്വദേശികളായ ആദിത്യ, ഇവരുടെ രണ്ട് വയസുള്ള മകന്‍ അഥര്‍വ്, ശ്രീകലകുമാരി, സൂര്യ, നിലമാമൂട് സ്വദേശിനി ശാന്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ ആരുടെ പരിക്കും ഗുരുതരമല്ല.

തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെയാണ് ഡിപ്പോയിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ അപകടമുണ്ടായത്. ബസ് കയറാനായി നിരവധി യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കവെയാണ് ബസ് ഇടിച്ചുകയറിയത്. യാത്രക്കാരെ കയറ്റാനായി ഗ്യാരേജില്‍ നിന്നും എടുത്ത ബസ് ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയത്. കോണ്‍ക്രീറ്റിന്റെ സ്പീഡ് ബ്രേക്കര്‍ ഇടിച്ചുതകര്‍ത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാഞ്ഞ് യാത്രക്കാര്‍ക്കിടയിലേയ്ക്ക് കയറുകയായിരുന്നു. ഇതുകണ്ട യാത്രക്കാരില്‍ ചിലര്‍ പുറകിലേയ്ക്ക് മറിഞ്ഞു വീഴുകയും ചെയ്തു. ബസ് ഇതിനിടെ കോണ്‍ക്രീറ്റ് ബഞ്ചില്‍ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്കിടയിലേയ്ക്ക് കയറി നില്‍ക്കുകയും ചെയ്തു.

ഇവിടെ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ഡിപ്പോ അധികൃതര്‍ തന്നെയാണ് ആംബുലന്‍സില്‍ ആശുപത്രിയിലാക്കി. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനിടയാക്കിയതെന്ന് ഡിപ്പോ അധികൃതര്‍ വിശദീകരിച്ചു. ബസ് യാത്രയ്ക്കായി എടുക്കുന്നതിന് മുന്‍പ് ബ്രേക്ക് ഉള്‍പ്പെടെയുള്ളവ പരിശോധിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തിയതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്.

ALSO READ-‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ

ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നറിയാന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് കോഴിക്കോട് സ്വദേശി രജീഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. എന്നാല്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തി.

Exit mobile version