പത്തനംതിട്ടയില്‍ 15 ഓളം വീടുകളിലെ കിണറ്റില്‍ ആസിഡും ഓയിലും ഒഴിച്ചു, യുവാവ് അറസ്റ്റില്‍

പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട: 15 ഓളം വീടുകളിലെ കിണറ്റില്‍ ആസിഡും ഓയിലും ഒഴിച്ച യുവാവ് അറസ്റ്റില്‍. കിണറിലെ വെള്ളം കുടിച്ച ഒരു പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

ഐക്കാട് മണക്കാല മേഖലയിലെ 15 വീടുകളിലെ കിണറുകളിലാണ് പ്രദേശവാസിയായ റിതേഷ് ആസിഡും ഓയിലും ഒഴിച്ചത്. പുലര്‍ച്ചെ ഇയാള്‍ വീടുകളില്‍ അതിക്രമിച്ചു കയറി. റബ്ബര്‍ പാല്‍ സംസ്‌കരിച്ച് ഷീറ്റാക്കാന്‍ വീടുകളില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കൈക്കാലാക്കിയ ശേഷം കിണറുകളില്‍ ഒഴിക്കുകയായിരുന്നു.

കുറേകാലമായി റിതേഷ് പലവിധ ഉപദ്രവങ്ങള്‍ ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആസിഡ് കലക്കിയത് അറിയാതെ ചില വീട്ടുകാര്‍ വെള്ളം ഉപയോഗിച്ചു. രുചി വ്യത്യാസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടപ്പോഴാണ് കിണറുവെള്ളം മലിനപ്പെട്ടെന്ന് മനസ്സിലായത്.

കിണര്‍ വൃത്തിയാക്കിയ ശേഷമെ ഇനി വെള്ളം ഉപയോഗിക്കാനാകൂ. ഈ വേനല്‍ കാലത്ത് ഇനി കിണര്‍ വൃത്തിയാക്കിയാല്‍ പകരം വെള്ളം കിട്ടുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. അതേസമയം, കോടതിയില്‍ ഹാജരാക്കിയ റിതേഷിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Exit mobile version