സ്കൂട്ടർ കേടായതായി അഭിനയിച്ചു നിന്ന യുവാവിൽ സംശയം ; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് 12 കിലോ കഞ്ചാവ്

പാറശ്ശാല : പോലീസ് പട്രോളിംഗിനിടെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിനുസമീപം ഉത്രം വീട്ടിൽ അരവിന്ദ് മോഹനനാ(26)ണ് പാറശ്ശാല പോലീസ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെ കാരോട് മുക്കോല ബൈപ്പാസിൽ വ്ളാത്താങ്കരയ്ക്ക് സമീപം ഇലവങ്ങമൂലയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് യുവാവിനെ കണ്ടത്. പോലീസിനെ കണ്ട് പരുങ്ങിയ യുവാവ്, സ്കൂട്ടർ കേടായതായി അഭിനയിച്ച് നിൽക്കുകയായിരുന്നു.

സംശയംതോന്നിയ പോലീസ് യുവാവിന്റെ സമീപത്തേക്ക് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു. തുടർന്ന്ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പിന്നീട് യുവാവിനെ പിടികൂടി നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞനിലയിൽ വാഹനത്തിൽനിന്ന് പന്ത്രണ്ട് കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.

തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന് തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥികൾക്കടക്കം വിൽക്കുന്നതിനായി എത്തിച്ചതാണിതെന്നാണ് യുവാവ് നൽകിയ മൊഴി.

പാറശ്ശാല എസ്.എച്ച്.ഒ. സജി എസ്.എസ്., എസ്.ഐ. ദീപു എസ്.എസ്., പി.സി.ഒ. സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version