പിഴ ഒഴിവാക്കാൻ എംവിഡി ഉദ്യോഗസ്ഥർക്ക് കൈക്കൂലി ഗൂഗിൾ പേ വഴി; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊല്ലം: വൻതുക പിഴ ഒഴിവാക്കാനായി കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. കൊല്ലത്തെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വിആർ ലിജിൻ, ഡ്രൈവർ എൻ അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്.

വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്റിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ഇതു തെളിഞ്ഞതോടെയാണ് നടപടിയുണ്ടായത്.

കഴിഞ്ഞ 4ന് രാവിലെ 10.30ന് കൊട്ടാരക്കര- ഓടനാവട്ടം റോഡിൽ വാഹന പരിശോധനക്കിടെ പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികൾ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. തുടർന്ന് വൻ തുകയുടെ കരട് ചെല്ലാൻ തയ്യാറാക്കി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി. തുടർന്ന് നടന്ന ഒന്നര മണിക്കൂർ നീണ്ട വിലപേശലുകൾക്കൊടുവിൽ ഒത്തുതീർപ്പെന്ന നിലയിൽ ഇരുപതിനായിരം രൂപ ഏജന്റിന്റെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് അയപ്പിക്കുകയും കരട് ചെല്ലാൻ റദ്ദാക്കുകയുമായിരുന്നു.

ALSO READ- രശ്മികയുമായി വിവാഹം ഫെബ്രുവരിയിലോ? ഒടുവിൽ തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ഈ വിവരം ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് രഹസ്യമായി ലഭിച്ചതോടെയാണ് നേരിട്ട് അന്വേഷണം നടത്തിയത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എഎംവി ലിജിനും ഡ്രൈവർ അനിൽകുമാറും ഒന്നര മണിക്കൂർ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്തു.

പിന്നീട് ഏജന്റിന്റെ ഗൂഗിൾപേ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും കണ്ടെത്തിയതോടെയാണ് ഇവർക്ക് എതിരെ വകുപ്പ് തലത്തിൽ നടപടി സ്വീകരിച്ചത്.

Exit mobile version