രക്തപരിശോധനയ്ക്കായി പോയ ഗർഭിണിയെ കാർ ഇടിച്ചുതെറിപ്പിച്ചു; ഗർഭസ്ഥശിശു മരിച്ചു; യുവതി അതീവഗുരുതരാവസ്ഥയിൽ

കടലുണ്ടി: മാതാവിനൊപ്പം ലാബിലേക്ക് രക്തപരിശോധനയ്ക്കായി നടന്ന് പോവുകയായിരുന്ന ഗർഭിണിയായ യുവതിയെ നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു. കടലുണ്ടിക്കടവ് ചാത്തനങ്ങാട്ട് വീട്ടിൽ പാലത്തുക്കൽ പള്ളിപ്പടി റഷീദിന്റെ ഭാര്യ അനീഷ (21)യെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഗർഭസ്ഥശിശു മരണപ്പെട്ടു. അതീവഗുരുതരാവസ്ഥയിൽ അനീഷ ചികിത്സയിൽ തുടരുകയാണ്.

കടലുണ്ടിക്കടവ് റോഡിലെ സിഎച്ച് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. രക്തപരിശോധനയ്ക്കായി കടലുണ്ടിയിലെ സ്വകാര്യലാബിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നുവരികയായിരുന്ന അനീഷയെയാണ് കാർ ഇടിച്ചത്. കണ്ണൂരിൽനിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടകാരണം.

പരിക്കേറ്റ അനീഷയെ കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും രക്തസ്രാവത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്നു അനീഷ.

ALSO READ- രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് മണിപ്പൂരില്‍ ഇന്ന് തുടക്കം

ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് നിലച്ചതിനെത്തുടർന്ന് സർജറിയിലൂടെ പുറത്തെടുത്തു. പരിക്കേറ്റ അനീഷയുടെ സ്ഥിതി അതിഗുരുതരമായി തുടരുകയാണ്. അപകടത്തിന് കാരണമായ കാർ കടലുണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Exit mobile version