ഈ പത്തിരുപത്തഞ്ചടി പൊക്കമുള്ള 11 കെവി ലൈനില്‍ കപ്പളം വീഴണമെങ്കില്‍ കപ്പളത്തിന് എത്രയടി ഉയരം കാണും സാറെ..! വൈറലായി ജോസഫേട്ടന്റേയും ഉദ്യോഗസ്ഥന്റേയും സംഭാഷണം; ചിരിക്കൊപ്പം അല്‍പം ചിന്തിക്കണം

പാതാമ്പുഴ: ചിരിയോടൊപ്പം അല്‍പ്പം ചിന്തിക്കാവുന്ന കാര്യമാണ് പുതുവത്സരദിനത്തില്‍ ഉണ്ടായത്. വീട്ടിലെ കറന്റ് പോയത് പറയാനായിരുന്നു ജോസഫേട്ടന്‍ കെഎസ്ഇബിയിലേക്ക് വിളിച്ചത്. എന്നാല്‍ ഈ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

കറന്റ് പോകാന്‍ കാരണം തിരക്കിയ ജോസഫേട്ടനോട് ഉദ്യോഗസ്ഥന്‍ മറപടി നല്‍കി. എന്നിട്ടും ചോദ്യങ്ങള്‍ നില്‍ക്കുന്നില്ല. ജോസഫ് ഉദ്യോഗസ്ഥനോട് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് ഓഡിയോ. കപ്പളം ഒടിഞ്ഞ് വീണ് 25 അടി ഉയരത്തിലൂടെ പോകുന്ന 11കെവി ലൈന്‍ മുറിഞ്ഞെന്നും അതൊകൊണ്ടാണ് കറണ്ട് പോയതെന്നും ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ എത്രയടി ഉയരമുള്ള കപ്പളമാണെന്നും എത്ര കായുണ്ടായിരുന്നു സാറേ എന്നുമാണ് ജോസഫേട്ടന്‍ ചോദിച്ചത്.

എന്നാല്‍ ജോസഫേട്ടന്റെ ചോദ്യങ്ങള്‍ക്ക് പ്രകോപനപരമായി സംസാരിക്കാതെ നര്‍മ്മം കലര്‍ന്ന സംസാരത്തില്‍ ഉദ്യോഗസ്ഥനും മറുപടി നല്‍കിയതോടെ ഫോണ്‍ സംഭാഷണം ഉഷാറായി.

സംഭാഷണത്തിന്റെ പൂര്‍ണരൂപം:

ജോസഫ്: ഹലോ ഈ പാതാമ്പുഴയില്‍ കറണ്ടില്ലല്ലോ സാറേ..എന്നാ പറ്റിയതാന്നേ

ഉദ്യോഗസ്ഥന്‍: അത് 11 കെവി ലൈനില്‍ കപ്പളം വീണതാ

ജോസഫ്: 11 കെവിയില്‍ കപ്പളം വീണോ ?

ഉദ്യോഗസ്ഥന്‍: അതേ

ജോസഫ്: സത്യമാണോ …കപ്പളം തന്നെയാണോ ഒടിഞ്ഞ് വീണേ

ഉദ്യോഗസ്ഥന്‍: അതെ ഇപ്പോള്‍ തന്നെ ആയിക്കോളും

ജോസഫ്: ഈ മെഷീന്‍ വാളൊക്കെ വേണ്ടി വരുവായിരിക്കും അല്ലേ മുറിക്കാന്‍,

ഉദ്യോഗസ്ഥന്‍: അതെ

ജോസഫ്: അവിടെ ആളുണ്ടോ അതോ പുറത്ത് നിന്ന് ആളെ വിളിക്കണോ വെട്ടി മുറിക്കാന്‍ ?

ഉദ്യോഗസ്ഥന്‍: ആഹ് വിളിക്കണം

ജോസഫ്: ഒരു പത്തിരുപത് മിനിട്ട് എടുക്കുമോ സാറേ..

ഉദ്യോഗസ്ഥന്‍: ഉം

ജോസഫ്: വല്യ കപ്പമായിരുന്നോ സാറേ….ഈ കായൊക്കെ ഉണ്ടായിരുന്നോ സാറേ ?

ഉദ്യോഗസ്ഥന്‍: ആള് പോയിട്ടേയുള്ളൂ

ജോസഫ് : നല്ല കായാണോ സാറേ.. അവരോട് ഒന്ന് എണ്ണാന്‍ പറയണേ സാറേ

ഉദ്യോഗസ്ഥന്‍: ആയിക്കോട്ടെ, പേരെങ്ങനായിരുന്നു

ജോസഫ്: എന്റെ പേര് ജോസഫെന്നായിരുന്നേ…ഈ പത്തിരുപത്തഞ്ചടി പൊക്കമുള്ള 11 കെവി ലൈനില്‍ കപ്പളം വീഴണമെങ്കില്‍ കപ്പളത്തിന് എത്രയടി ഉയരം കാണും സാറെ.

ഉദ്യോഗസ്ഥന്‍: അറിയില്ല

ജോസഫ്: ഒന്ന് അന്വേഷിക്കാന്‍ മേലായിരുന്നോ സാറേ ഇത്ര മുഴുത്ത കപ്പളമൊക്കെ ഈ രാജ്യത്ത് ഉണ്ടായിരുന്നെങ്കില്‍…നല്ല വിലയാ കേട്ടോ..ഈ ഓമ കച്ചവടത്തിന്…ഈ കെഎസ്ഇബിക്കാര്‍ അതിന്റെ തടിയെടുക്കുമോ സാറേ…

ഉദ്യോഗസ്ഥന്‍: നമുക്ക് എല്ലാ ബിസിനസും

ഉദ്യോഗസ്ഥന്‍: നമുക്ക് എല്ലാ ബിസിനസും ഉണ്ടല്ലോ..

ജോസഫ് : ഇത്രയും മുഴുത്ത കപ്പളവായതിനാലാണേ…..അപ്പോ ഹാപ്പി ന്യു ഇയര്‍ സാറേ..

ഉദ്യോഗസ്ഥന്‍ : ഹാപ്പി ന്യു ഇയര്‍

Exit mobile version