കൂട്ടംതെറ്റിയെത്തിയ കുട്ടിയാന പുൽപ്പള്ളിയിൽ ഓവുചാലിൽ വീണു; രക്ഷപ്പെടുത്തി അമ്മയുടെ അടുത്ത് എത്തിച്ച് നാട്ടുകാരും വനംവകുപ്പും

കൽപ്പറ്റ: വയനാട്ടിൽ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന ഓവുചാലിൽ വീണു. ജനവാസമേഖലയിൽ ഇറങ്ങിയ ആന കുട്ടിയാണ് പുൽപ്പള്ളിക്കടുത്ത് കുറിച്ചിപ്പറ്റയിലെ ഓവുചാലിൽ വീണത്. ആനക്കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ വനംവകുപ്പിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ആനക്കുട്ടിയെ ഓവുചാലിൽ നാട്ടുകാർ കണ്ടെത്തിയത്. വനത്തോട് ചേർന്നു നിൽക്കുന്ന പ്രദേശമാണിത്. ഇവിടെ കൂട്ടത്തിൽ നിന്നും വഴി തെറ്റി എത്തിയ കുട്ടിയാന ഓവുചാലിലേക്ക് വീണ് പോവുകയായിരുന്നു.

വൈകാതെ വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി കുട്ടിയാനയെ ഓവുചാലിൽ നിന്നും കയറ്റി. ഈ കുട്ടിയാനയെ കണ്ടെത്തിയ സ്ഥലത്തോട് ചേർന്ന് അമ്മയാനയടക്കമുള്ള കാട്ടാനക്കൂട്ടമുണ്ടായിരുന്നു. ഇവിടെ നിന്ന് വഴിതെറ്റി വന്ന് കുട്ടിയാന ജനവാസമേഖലയിൽ എത്തിച്ചേരുകയായിരുന്നു.

ALSO READ- പൊങ്കൽ സമ്മാനമായി കിറ്റിന് ഒപ്പം ആയിരം രൂപയും! പ്രഖ്യാപിച്ച് സ്റ്റാലിൻ

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുട്ടിയാനയെ ആനക്കൂട്ടത്തിലേക്ക് തിരികെ എത്തിച്ചു. നന്ദിയും പറഞ്ഞ് തുമ്പിക്കൈ ഉയർത്തിയാണ് കുട്ടിയാന അമ്മയുടെ അടുത്തേക്ക് തിരികെ പോയത്. ആനക്കുട്ടിക്ക് കാര്യമായ പരിക്കുകൾ ഒന്നുമില്ല. കണ്ണിന് താഴെ പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമായ പരിക്കല്ലെന്നാണ് സൂചന.

Exit mobile version