തോന്നിയ വിലയ്ക്ക് ഭക്ഷണ വിൽപ്പന; ശോചനീയാവസ്ഥ; ഇടപെട്ട് കളക്ടർ, ദോശയുടെ ചട്ടിണിക്ക് മാത്രം നൂറിന് മുകളിൽ ബില്ല് നൽകിയ ഹോട്ടലിന് പിഴ

ശബരിമല: തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കഴുത്തറപ്പൻ ബില്ല് നൽകിയ ഹോട്ടലുകളിൽ ജില്ലാകളക്ടറുടെ പരിശോധന. ശബരിമല സന്നിധാനത്തേക്കുള്ള തീർഥാടകരെ ലക്ഷ്യം വെയ്ക്കുന്ന ഹോട്ടലുകളിലാണ് ജില്ലാ കലക്ടർ എ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ നടത്തിയത്. സന്നിധാനത്തെ ഹോട്ടലുകളിലും പാത്രക്കടകളിലും തീർഥാടകരോട് തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് കളക്ടർ കണ്ടെത്തിയതോടെ നടപടി സ്വീകരിച്ചു.കടകളില്‍ ശുചിത്വം ഇല്ലാത്തതും, ഗുണമേന്മ ഇല്ലാത്തതുമായ ഭക്ഷണ വിതരണം ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടു.

സന്നിധാനത്തെ ഒരു ഹോട്ടലിൽ 4 മസാല ദോശ വാങ്ങിയ തീർഥാടകരോട് 360 രൂപ രൂപ വാങ്ങിയിരുന്നു. യഥാർഥത്തിൽ 228 രൂപയാണ് വില വാങ്ങാനാകൂ. ഇതിന് വിശദീകരണം തേടിയ കളക്ടർ, മസാലദോശയ്ക്കു കൂട്ടാനായി ചമ്മന്തി നൽകി എന്ന മറുപടി കേട്ട് അന്താളിച്ചു പോയി.

തുടർന്ന് ഈ ഹോട്ടലിനു പിഴ ഈടാക്കാനും നോട്ടിസ് നൽകാനും കലക്ടർ നിർദേശം നൽകി. തുടർന്ന് മറ്റു ഹോട്ടലുകളിൽ എത്തിയും തീർഥാടകരിൽ നിന്നു ബില്ലുകൾ വാങ്ങി പരിശോധിച്ചു. അപ്പോഴും കൂടിയ വില ഈടാക്കിയതായി കണ്ടതോടെ നടപടിക്ക് നിർദേശം നൽകി.

ഒരു നെയ്‌റോസ്റ്റിന് 49 രൂപയാണ് വില എങ്കിലും 75 രൂപ വാങ്ങിയതായും പീസ് കറിക്ക് 48 രൂപയുടെ സ്ഥാനത്ത് 60 രൂപ വാങ്ങിയതായും കളക്ടർ കണ്ടെത്തി. പാലപ്പത്തിനു 14 രൂപയാണെങ്കിലും 20 രൂപയാണ് വാങ്ങുന്നത്. പൊറോട്ട 15 രൂപയാണെങ്കിലും 20 രൂപ ഈടാക്കുന്നുണ്ട്. കൂടാതെ പാത്രക്കടകളിലും ഇഷ്ടമുള്ള വില ഈടാക്കുന്നതായാണ് നിരീക്ഷിച്ചത്.

ALSO READ- 23 വര്‍ഷത്തെ അധ്യാപന ജീവിതത്തിന് വിട: വിദ്യാര്‍ഥികള്‍ക്ക് ‘ഇരുളില്‍ വെളിച്ചമേകുന്ന’ സമ്മാനം നല്‍കി മനോജ് മാഷ്

തുടർച്ചയായി രണ്ടാം ദിവസമാണ് ജില്ലാ കലക്ടർ സന്നിധാനത്തെ കടകളിൽ പരിശോധന നടത്തിയത്. അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടിസ് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

3 കടകൾക്കാണ് നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നത്. പാണ്ടിത്താവളത്തിൽ തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും കളക്ടർ വിലയിരുത്തി. ഡപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ എന്നിവരും കലക്ടർക്ക് ഒപ്പം പങ്കെടുത്തു.

Exit mobile version