23 വര്‍ഷത്തെ അധ്യാപന ജീവിതത്തിന് വിട: വിദ്യാര്‍ഥികള്‍ക്ക് ‘ഇരുളില്‍ വെളിച്ചമേകുന്ന’ സമ്മാനം നല്‍കി മനോജ് മാഷ്

കോഴിക്കോട്: തന്റെ പ്രിയപ്പെട്ട കുട്ടികള്‍ക്ക് ജീവിതത്തില്‍ എന്നെന്നുംവഴികാട്ടുന്ന വെളിച്ചം സമ്മാനിച്ചാണ് രണ്ടര പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തില്‍ നിന്ന് മനോജ് മാഷ് പടിയിറങ്ങുന്നത്. സാധാരണ വിരമിക്കുന്ന അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളാണ് സമ്മാനങ്ങള്‍ നല്‍കാറുള്ളത്. അതില്‍ നിന്നും വ്യത്യസ്തനായിരിക്കുകയാണ് കോഴിക്കോട് മീഞ്ചന്ത രാമൃഷ്ണമിഷന്‍ സ്‌കൂളിലെ അധ്യാപകനായ മനോജ് മാഷ്. 2,500 കുട്ടികള്‍ക്കും ഒരു പുസ്തകമാണ് മാഷ് സമ്മാനിച്ചത്.

രാമകൃഷ്ണമിഷന്‍ സ്‌കൂളിലെ സംസ്‌കൃത അധ്യാപകനാണ് മനോജ് മാഷ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗാന്ധിജിയെ കുറിച്ചുള്ള ‘കളവും പ്രായശ്ചിത്തവും’ എന്ന പാഠം പഠിക്കുന്നത്. തെറ്റ് ചെയ്യുന്നത് പാപമാണെന്ന ചിന്തയിലൂടെ അന്ന് കയറി കൂടിയതാണ് മനോജ് മാഷിന്റെ മനസില്‍ ഗാന്ധിജി. അങ്ങനെ ‘എന്റെ സത്യാന്വേഷ പരീക്ഷണകഥ’ തിരഞ്ഞുപ്പിടിച്ച് വായിച്ചു. പിന്നീട് ആ ആശയങ്ങളിലൂടെയായി മനോജ് മാഷിന്റെ ജീവിതവും.

23 വര്‍ഷത്തെ അധ്യാപന ജീവതത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്‌കൂളിലെ 2500 ഓളം കുട്ടികള്‍ക്കും മാഷ് നല്‍കുന്നത് വലിയ സമ്മാനമാണ്. ഇരുട്ടില്‍ വെളിച്ചമാകാന്‍ മാഷിനെ സഹായിച്ച ഗാന്ധിജിയുടെ ആത്മകഥ.

ഗുജറാത്തിലെ നവജീവന്‍ ട്രസ്റ്റില്‍ നിന്നാണ് പുസ്തകങ്ങളെത്തിച്ചത്. സ്വപ്നം കാണുന്ന ഭാഷയില്‍ പഠിക്കണമെന്ന് ഗാന്ധിജി പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കി മലയാളം പുസ്തകമാണ് കുട്ടികള്‍ക്കായി നല്‍കിയത്. പുസ്തകത്തിനൊപ്പം ‘എന്നെ ഞാനാക്കിയ ഈ പുസ്തകം സമ്മാനമായി നിങ്ങള്‍ക്ക് തരുന്നു…വഴികാട്ടിയാകാന്‍, ഇരുളില്‍ വെളിച്ചമാകാന്‍…’ എന്നൊരു കുറിപ്പുമുണ്ട്.

Exit mobile version