‘സേവനങ്ങള്‍ക്ക് നന്ദി, ആര്‍ഐപി’ : ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ശവക്കല്ലറ സ്ഥാപിച്ച് കൊറിയന്‍ യുവാവ്

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സേവനം നിര്‍ത്തുന്നു എന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. വാര്‍ത്തയ്ക്ക് പിന്നാലെ തന്നെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.

ഇതിന് പിന്നാലെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ശവക്കല്ലറ പണിത് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യുവാവ്. ട്വിറ്ററിലാണ് ഇതിന്റെ ചിത്രങ്ങള്‍ ഇദ്ദേഹം പങ്ക് വച്ചത്. ‘മറ്റ് ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള നല്ലൊരു ഉപകരണമായിരുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സമ്മാനിച്ച സമാനതകളില്ലാത്ത നേട്ടങ്ങള്‍ ഓര്‍മിക്കുന്നു’ എന്ന തലക്കെട്ടോട് കൂടിയാണ് ആരാധകന്‍ സ്മാരകത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

കൊറിയയിലെ ഗിയോഞ്ജുവിലാണ് ബ്രൗസറിനായി യുവാവൊരുക്കിയ കല്ലറ. ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ഉപയോഗം ധാരാളമായി പ്രയോജനപ്പെടുത്തിയിരുന്നു. ഇരുപത്തിയേഴ് വര്‍ഷത്തെ സേവനങ്ങള്‍ക്കൊടുവിലെ റിട്ടയര്‍മെന്റ് രാജ്യത്തെ ഒന്നടങ്കം നിരാശയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version