വ്യാപാരിയുടെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം

പത്തനംതിട്ട: മൈലപ്ര പോസ്റ്റ് ഓഫിസ് പടിക്കല്‍ വ്യാപാരിയെ സ്വന്തം കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘം. സ്‌റ്റേഷനറിക്കട നടത്തിയിരുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് (73) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരാണ് കടയുടെ ഉള്ളിലെ മുറിയില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്.

മൈലപ്ര പോസ്റ്റ് ഓഫിസിനോട് ചേര്‍ന്ന രണ്ടുമുറി കടയില്‍ കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടത്. കടയിലെ സി.സി ടി.വി കാമറകള്‍ തകര്‍ത്തിട്ടുണ്ട്. കാമറ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡിസ്‌ക് ഭാഗവും എടുത്തുകൊണ്ടുപോയി. കടയില്‍ സാധനം വാങ്ങാന്‍ വന്നയാള്‍ ഇദ്ദേഹത്തെ കാണാത്തതിനാല്‍ ഉള്ളിലേക്ക് കയറി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ സമീപത്തുള്ളവരെ കൂട്ടി പോലീസിനെ വിവരം അറിയിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. മേശവലിപ്പിലെ പണവും കഴുത്തിലെ മാലയും നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ചയ്ക്ക് വേണ്ടിയുള്ള ആക്രമണമായിരുന്നുവെന്നും കടയുമായി പരിചയമുള്ളവരാണ് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. ഇന്‍ക്വസ്റ്റും ഫൊറന്‍സിക് പരിശോധനയും രാവിലെ തന്നെ നടത്തുമെന്നും പോലീസ് അറിയിച്ചു.

Exit mobile version