പുതുവത്സര ആഘോഷം, കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ട്രാഫിക് അസി. കമീഷണര്‍ എ.ജെ. ജോണ്‍സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട്: പുതുവത്സര ആഘോഷം കണക്കിലെടുത്ത് ഇന്ന് കോഴിക്കോട് നഗരപരിധിയില്‍ കര്‍ശന ഗതാഗത നിയന്ത്രണം. ട്രാഫിക് അസി. കമീഷണര്‍ എ.ജെ. ജോണ്‍സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് നഗരത്തിലേക്ക് സാധാരണ പോലെ യാതൊരു വിധ ചരക്കുവാഹനങ്ങള്‍ക്കും ഇന്ന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മറ്റ് യാത്രക്കാരില്ലാതെ ഡ്രൈവര്‍ മാത്രമായി യാത്ര ചെയ്യുന്ന, കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും. ഇത്തരം വാഹനങ്ങള്‍ നഗരപരിധിക്ക് പുറത്ത് പാര്‍ക്കിംഗ് ചെയ്യേണ്ടതാണ്.

പുതുവത്സര ആഘോഷം സുഗമമാക്കുന്നതിനുവേണ്ടി വൈകീട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. സൗത്ത് ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല.

അനധികൃത പാര്‍ക്കിംഗ് യഥാസമയങ്ങളില്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതുമാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 10 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണര്‍ അറിയിച്ചു.

ALSO READ പുതുവത്സരാഘോഷം അതിരുകടക്കേണ്ട, തിരുവനന്തപുരത്ത് കർശന സുരക്ഷ, ഡിജെ പാർട്ടികൾ മുൻകൂട്ടി അറിയിക്കണം; മാനവീയം വീഥി 12.30 വരെ മാത്രം

നിയമലംഘകരുടെ ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനങ്ങളും മറ്റും നടത്തുന്നവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version