‘കെഎസ്‌യു വിടാൻ മടി; സന്ദേശം കണ്ടതിന് പിറ്റേന്ന് ജോലിക്ക് പോകാൻ തുടങ്ങി’; സത്യൻ അന്തിക്കാടിനെ സാക്ഷിയാക്കി തുറന്ന് പറഞ്ഞ് വിഡി സതീശൻ

തൃശ്ശൂർ: ഇറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആരാധകരുള്ള മലയാള ചിത്രമാണ് സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുക്കിയ സന്ദേശം. യുവാക്കൾ തൊഴിലെടുക്കേണ്ടതിന്റെ ആവശ്യകതയും കപട രാഷ്ട്രീയവും ചർച്ചയാക്കിയ ഈ ചിത്രം തന്നെ സ്വാധീനിച്ചത് തുറന്ന് പറയുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

എൽഎൽബി പഠനം കഴിഞ്ഞിട്ടും കെഎസ്‌യു വിടാനുള്ള മടി കാരണം ജോലിക്ക് പോവാതെ നടന്നിരുന്ന താൻ ജോലിക്ക് പോയി തുടങ്ങിയത് സന്ദേശം കണ്ടതിനെ തുടർന്നാണ് എന്നാണ് വിഡി സതീശൻ പറയുന്നത്.

സംവിധായകൻ സത്യൻ അന്തിക്കാടിനെ സാക്ഷിയാക്കിയാണ് പൊതുവേദിയിൽ സതീശൻ തുറന്നുപറച്ചിൽ നടത്തിയത്. അന്തിക്കാട് കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് എൻജി ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

ALSO READ- വിമാനത്താവളം പോലെ! അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്‌റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകൾക്കും ഫ്‌ളാഗ് ഓഫ്

വക്കീൽ പരീക്ഷയൊക്കെ എഴുതി നല്ല മാർക്കോടെ പാസായി. എൻറോൾ ചെയ്തു. എങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാൻ പോവാതെ കുറേക്കാലം ഉഴപ്പി നടന്നു. അതിനിടയിലാണ് സന്ദേശം എന്ന സിനിമ കണ്ടത്. സിനിമയുടെ ക്ലൈമാക്‌സിൽ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിർത്തിവെച്ച് ശ്രീനിവാസൻ വക്കിലായി പ്രാക്ടീസ് ചെയ്യാൻ പോവുന്നതാണ്.

തനിക്കാണെങ്കിൽ വക്കീൽ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. സിനിമ കണ്ടതിന്റെ പിറ്റേദിവസംതന്നെ ഞാൻ വക്കീലാപ്പീസിൽ പോയി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. ഇക്കാര്യം ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലെന്നും വിഡി സതീശൻ വെളിപ്പെടുത്തി.

Exit mobile version