ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ആനപ്പുറത്തിരുന്നവര്‍ക്ക് അത്ഭുതരക്ഷ

കൊച്ചി: എറണാകുളത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പനമ്പുകാട് സുബ്രഹ്‌മണ്യ ക്ഷേത്രോത്സവത്തിനിടെയാണ് അപകടം. ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ എഴുന്നള്ളിപ്പിനിടെയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്.

ആനയുടെ മുകളില്‍ മൂന്ന് പേരുണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ ആനപ്പുറത്തുനിന്ന് വീഴുന്നത് വീഡിയോയിലുണ്ട്. അതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് കാലിന് പരിക്കേറ്റിട്ടുണ്ട്.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസമായിരുന്നു. ഉത്സവത്തിനായി ആനയെ ഒരുക്കി നിര്‍ത്തിയ ശേഷം ആനപ്പുറത്തേക്ക് ആളുകള്‍ കയറിയിരുന്നു. ഇതിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് നിന്ന് താഴെ വീണവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ നാശ നഷ്ടങ്ങളില്ല.

എഴുന്നള്ളത്തിനിടെ പെട്ടെന്ന് ആന തിരിഞ്ഞ് വട്ടംനില്‍ക്കുകയായിരുന്നു. പിന്നീടാണ്, ആന ക്ഷേത്ര പരിസരത്തിന് പുറത്തേക്കെത്തിയതും ആനപ്പുറത്തുണ്ടായിരുന്നവരെ താഴെ വീഴ്ത്തിയതും. ഒരാള്‍ മരത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. സംഭവത്തിന് ശേഷം ആനയെ തളച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോയി.

Exit mobile version