വയനാട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, വീട് ഭാഗികമായി തകര്‍ന്നു! വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.

കല്‍പ്പറ്റ: വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയിലാണ് സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.

കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയും പെട്ടെന്ന് തന്നെ സമീപത്തെ വിറക് അടുപ്പിലെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്ക് തെറിച്ചു പോയി. സംഭവത്തില്‍ വീട്ടുകാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അപകടവിവരം അറിഞ്ഞ് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. വലിയ പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.

Exit mobile version