കോട്ടയ്ക്കൽ മുൻസിപാലിറ്റിയിൽ ലീഗിന് ഭരണം നഷ്ടം; എൽഡിഎഫ് പിന്തുണയോടെ ലീഗ് വിമത ചെയർപേഴ്‌സണായി വിജയിച്ചു

കോട്ടയ്ക്കൽ: ഏറെ നാളായി നിലനിന്ന മുസ്ലിം ലീഗിലെ വിഭാഗീയതയ്ക്ക് ഒടുവിൽ കോട്ടയ്ക്കൽ മുൻസിപ്പാലിറ്റിയിൽ ലീഗിന് ഭരണം നഷ്ടമായി. പുതിയ ചെയർപേഴ്സനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന ഡോ. ഹനീഷയെ പരാജയപ്പെടുത്തി എൽഡിഎഫ് പിന്തുണച്ച ലീഗ് വിമത മുഹ്സിന പൂവൻമഠത്തിൽ വിജയിച്ചു.

13 വോട്ടുകൾക്കെതിരെ 15 വോട്ടുകൾ നേടിയായിരുന്നു മുഹ്‌സിന വിജയിച്ച് പുതിയ ചെയർപേഴ്സൺ ആയത്. വോട്ടെടുപ്പിൽ ആറ് ലീഗ് വിമതർ മുഹ്‌സിനയെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷയായിരുന്ന ലീഗിന്റെ ബുഷ്റ ഷബീർ നേരത്തെ അധ്യക്ഷസ്ഥാനവും കൗൺസിലർസ്ഥാനവും രാജിവെച്ചിരുന്നു.

കോട്ടയ്ക്കൽ മുൻസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റിയിൽ നിലനിന്ന വിഭാഗീയത രൂക്ഷമായതോടെയാണ് ബുഷ്‌റ ഷെബീർ രാജി സമർപ്പിച്ചത്. വിഭാഗീയത ഒഴിവാക്കാനായി ബുഷ്റ ഷബീർ വിഭാഗത്തെയും മറുഭാഗത്തെയും ഒരുമിച്ചിരുത്തി പാണക്കാട്ട് നിരവധി തവണ ചർച്ചകൾ നടന്നു. പിന്നീട് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ അടുത്തിടെ സംസ്ഥാനാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ALSO READ- കാത്തിരുന്നത് അഞ്ച് വർഷം; കൊൽക്കത്തക്കാരനായ യുവാവിനെ വിവാഹം കഴിക്കാൻ പാകിസ്താനിൽ നിന്നുമെത്തി ജവേരിയ; വാഗ അതിർത്തിയിൽ സ്വീകരിച്ച് കുടുംബം
ഇതനുസരിച്ച് പാണക്കാട്ടുനടന്ന ചർച്ചയിലാണ് ബുഷ്റ ഷബീറും ഉമ്മറും സ്ഥാനമൊഴിയാൻ പാർട്ടി നിർദേശിച്ചത്. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ലീഗിന് ചെയർപേഴ്‌സൺ സ്ഥാനം നഷ്ടമായിരിക്കുന്നത്.

Exit mobile version