ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം, അമ്മയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: ലോഡ്ജ് മുറിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. നേരത്തെ കസ്റ്റഡിയിലെടുത്ത കുഞ്ഞിന്റെ അമ്മ അശ്വതി (25), സുഹൃത്ത് ഷാനിഫ് (25) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്നു നേരത്തെ തെളിഞ്ഞിരുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

also read: മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി ഷേബയും ഗീതാഞ്ജലിയും: കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രി വിട്ടു

കുട്ടിയുടെ തല സ്വന്തം മുട്ടില്‍ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഷാനിഫിന്റെ മൊഴി. കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്താനായി ഷാനിഫ് കുഞ്ഞിന്റെ ദേഹത്ത് കടിച്ചെന്നും പൊലീസ് പറയുന്നു. കുഞ്ഞിന്റെ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അശ്വതിയും ഷാനിഫും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇരുവരും നിയമപരമായി വിവാഹിതരല്ല. ഡിസംബര്‍ ഒന്നിനാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുന്നത്.

Exit mobile version