പത്തനംതിട്ടയില്‍ അതി ശക്തമായ മഴ: രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി; ജില്ലയില്‍ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അതി ശക്തമായ മഴയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം വാര്‍ഡിലും ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ വ്യാപക കൃഷി നാശം ഉണ്ടായി. വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ പ്രധാന റോഡുകളില്‍ എല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

ജില്ലയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര രണ്ടു ദിവസത്തേക്ക് കളക്ടര്‍ നിരോധിച്ചു. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. നവംബര്‍ 24 വരെയാണ് നിയന്ത്രണം തുടരുക. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി. എന്നാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരോധനം ബാധകമല്ല. തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.

പത്തനംതിട്ട കുന്നന്താനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്. അതേസമയം, തിരുവനന്തപുരം ജില്ലയിലും മഴ കനക്കുകയാണ്. ജില്ലയില്‍ കളക്ടര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യത ഉണ്ട്.

തമിഴ്‌നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version