ബ്രേക്കിന് തകരാറെന്ന വാദം കള്ളം; വിദ്യാർത്ഥിനി കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ: കണ്ടെത്തി മോട്ടർവാഹന വകുപ്പ്

കാട്ടാക്കട: കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ബിരുദ വിദ്യാർത്ഥിനി ബസിടിച്ച് മരിച്ചതിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹന വകുപ്പ്. ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥിനിയായ അഭന്യയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ ബസ് പരിശോധിച്ച മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ബസിന് തകരാറൊന്നുമില്ലായിരുന്നു എന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്ത് നിന്നിരുന്ന പെരുമ്പഴുതൂർ സ്വദേശിനിയായ ക്രിസ്ത്യൻകോളജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി അഭന്യ ബസിടിച്ച് മരിച്ചത്. അപകടത്തിൽപെട്ട കെഎസ്ആർടിസി ലോ ഫ്‌ലോർ ബസ്, കാട്ടാക്കട സബ് ആർടിഒ എസ്എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘമാണ് പരിശോധിച്ചത്.

വിഴിഞ്ഞം സർവീസ് നടത്തിയിരുന്ന ബസ് അടുത്ത ട്രിപ്പ് പോകുന്നതിനു ഡിപ്പോയിലെ പാർക്കിങ് യാഡിൽ നിന്നു ടെർമിനലിലേക്ക് കൊണ്ടു വരുമ്പോഴാണ് വിദ്യാർത്ഥിനിയെ ഇടിച്ചിട്ടത്. അപകടശേഷം സ്ഥലത്തു നിന്നു ബസ് മാറ്റിയിരുന്നില്ല. ഇവിടെ വച്ചുള്ള പരിശോധനയ്ക്ക് ശേഷം റാംപിലെത്തിച്ചും വിശദമായി ഉദ്യോഗസ്ഥർ പരിശോധിച്ചു. തുടർന്ന് ബസിനു മെക്കാനിക്കൽ തകരാർ ഒന്നും ഇല്ലായിരുന്നു എന്ന് കണ്ടെത്തിയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ- സുരേഷ് ഗോപിയ്ക്ക് ഇനി നോട്ടീസ് അയയ്ക്കില്ല: പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പോലീസ്

എയർ ലീക്ക് കാരണം ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നായിരുന്നു തുടക്കം മുതൽ കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. എന്നാൽ ബ്രേക്ക് തകരാറിലാകുന്ന നിലയിൽ എയർ ലീക്ക് ഉണ്ടായിട്ടില്ലെന്നും ബസിനു സാങ്കേതിക തകരാർ ഇല്ലെന്നും പരിശോധനയിൽ തെളിയുകയായിരുന്നു.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം. ഇത് സംബന്ധിച്ച് പോലീസിനു റിപ്പോർട്ട് നൽകുമെന്ന് സബ്‌റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ പറഞ്ഞു. എന്നാൽ ഇതേ ബസ് ഒരുമാസം മുൻപ് സ്വയം ഉരുണ്ട് ബസ് ടെർമിനലിൽ ഇടിച്ച് നിന്ന സംഭവം ഉണ്ടായതായി ജീവനക്കാർ പറഞ്ഞു. അപകട സമയം ബസ് ഓടിച്ച എം പാനൽ ഡ്രൈവർ മൈലോട്ടുമൂഴി തുളസിയിൽ പ്രേമചന്ദ്രൻ(49)റിമാൻഡിലാണ്.

Exit mobile version