ചേളാരി ഐഒസിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയവരെ തടഞ്ഞ് സമരാനുകൂലികള്‍

കൊച്ചി: സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നു. ചേളാരി ഐഒസിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. രാവിലെ എട്ടുമണിക്കുശേഷം ജോലിക്കെത്തിയ തൊഴിലാളികളെയാണ് തടഞ്ഞത്. കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിക്കെത്തിയ ജീവനക്കാരെയും തടഞ്ഞിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളും വയനാട്ടില്‍ നിന്നുള്ള സര്‍വീസുകളുമാണ് പ്രധാനമായും മുടങ്ങിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും സമരനാകുലികള്‍ ട്രെയിനുകള്‍ തടഞ്ഞു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

തിരുവനന്തപുരത്തുനിന്നും പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്പ്രസും ആറുണിക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പിരസും സമരാനുകൂലികള്‍ തടഞ്ഞതോടെ ഒന്നര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് ആരംഭിച്ചത്.

മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.

Exit mobile version