ബോംബ് വച്ചത് ടിഫിന്‍ ബോക്‌സിലല്ല, പ്ലാസ്റ്റിക് കവറില്‍: സ്‌ഫോടനം ഉണ്ടാക്കിയത് 50 ഗുണ്ടുകള്‍; ആകെ ചെലവായത് 3000 രൂപ

കൊച്ചി: മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കളമശ്ശേരി സാമ്രാ കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തിന് ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്‌സിലല്ലെന്ന് പ്രതി ഡൊമനിക് മാര്‍ട്ടിന്റെ മൊഴി. ആറു പ്ലാസ്റ്റിക് കവറുകളിലാണ് ബോംബുവച്ചതെന്നും ഇവ ആറിടത്തായി സ്ഥാപിച്ചെന്നും ഡൊമിനിക് മാര്‍ട്ടിന്‍ പോലീസിന് മൊഴി നല്‍കി.

പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്‌ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയില്‍നിന്നാണ്. ഇലക്ട്രിക് ഡിറ്റൊണേറ്റര്‍ സ്വയം നിര്‍മിക്കുകയായിരുന്നെന്നും മാര്‍ട്ടിന്‍ മൊഴി നല്‍കി. ബോംബ് നിര്‍മിക്കാന്‍ ചെലവായത് 3000 രൂപ. ഗുണ്ടും പെട്രോളും വാങ്ങാനാണ് പ്രതി കൂടുതല്‍ പണം ചെലവിട്ടത്.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. ബോംബുണ്ടാക്കുന്നതിന്റെ മാര്‍ഗങ്ങള്‍ യുട്യൂബില്‍ തിരഞ്ഞതിനും തെളിവ് ലഭിച്ചതായി പോലീസ് പറഞ്ഞു. സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് കണ്‍ട്രോളിന്റെ ദൃശ്യങ്ങള്‍ ഡൊമിനിക്കിന്റെ മൊബൈലില്‍ കണ്ടെത്തി. സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം പെട്രോള്‍ നിറച്ച കുപ്പിയും വച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് കൊച്ചിയില്‍ നിന്നാണെന്നും മൊഴി നല്‍കി. ഈ കടകളിലും ഡൊമിനിക്കിന്റെ തമ്മനത്തെ വാടകവീട്ടിലും പോലീസ് പരിശോധന നടത്തി.

ബോംബ് നിര്‍മിച്ചത് വീടിന്റെ ടെറസിലായിരുന്നു. ഇന്റര്‍നെറ്റ് നോക്കിയാണ് പഠിച്ചതെന്നും പ്രതി മൊഴി നല്‍കി. ആലുവയ്ക്കടുത്തുള്ള തറവാട്ടിലെത്തിയത് ഇന്നലെ പുലര്‍ച്ചെയായിരുന്നു. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലേക്ക് പോയി. കസേരയുടെ അടിയില്‍ വച്ചത് രാവിലെ ഏഴു മണിയോടെയായിരുന്നു. ഹാളില്‍ ആ സമയം ഉണ്ടായിരുന്നത് മൂന്നു പേര്‍ മാത്രമായിരുന്നെന്നും പ്രതി പോലീസിനോടു പറഞ്ഞു.

മുന്‍പ് യഹോവയുടെ സാക്ഷി വിശ്വാസിയായിരുന്ന ഡൊമിനിക് അഞ്ചരവര്‍ഷമായി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാവിലെ അഞ്ചിനാണ് ഡൊമിനിക് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ഭാര്യ പറഞ്ഞു. സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കളമേശേരിയിലെ ക്യാംപില്‍ എത്തിച്ച ഡൊമിനിക്കിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും എന്‍ഐഐ സംഘവും ചോദ്യം ചെയ്തു

Exit mobile version