നില്‍ക്കേണ്ടിടത്തു നില്‍ക്കണം; ക്ഷേത്രങ്ങളില്‍ രാഷ്ട്രീയം വേണ്ട; ക്ഷേത്രഭരണം ബിജെപിക്ക് നല്‍കാനുള്ള ഉദ്ദേശ്യം ഹൈന്ദവ സംഘടനകള്‍ക്കില്ലെന്ന് കെപി ശശികല

ആലപ്പുഴ: ക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെപി ശശികല. ക്ഷേത്രങ്ങളില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയം വേണ്ടെന്നാണ് ശശികലപത്രസമ്മേളനത്തില്‍ പറഞ്ഞത്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടിടത്തു നില്‍ക്കണം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ വഴിക്കു പോകണം. സിപിഎമ്മില്‍നിന്നു ക്ഷേത്രഭരണം പിടിച്ചെടുത്ത് ബിജെപിക്കു നല്‍കാനുള്ള ഉദ്ദേശ്യം ഹൈന്ദവ സംഘടനകള്‍ക്കില്ലെന്നും അവര്‍ ആലപ്പുഴയില്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ അഴിമതിയും കെടുകാര്യസ്ഥതയും മൂടിവെക്കാനാണെന്ന് ആരോപിച്ച ശശികല ഹിന്ദു സംഘടനകളെ ക്ഷേത്രസങ്കേതങ്ങളില്‍ നിന്നകറ്റി ക്ഷേത്രങ്ങളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കീഴിലാക്കാനുള്ള ശ്രമമാണിതെന്നും ആരോപിച്ചു.
ALSO READ- ‘മുസ്ലിങ്ങളുടെ ശത്രുവാണ് ഹമാസ്, കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ?’; ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുരേഷ് ഗോപി

ക്ഷേത്ര സംസ്‌കാരത്തെയും വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള നീക്കമാണിതെന്നും ശശികല ആരോപിച്ചു. ഇതിനെതിരെ 28-നും 29-നും തിരുവനന്തപുരത്ത് ഹിന്ദുനേതൃയോഗം ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ശശികല പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംഘടനയുടെ ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന കമ്മിറ്റിയംഗം ജി ശശികുമാര്‍, ജില്ലാ പ്രസിഡന്റ് ജിനു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version