കാണാതായ പോലീസുദ്യോഗസ്ഥന്‍ മരിച്ച നിലയില്‍, സംഭവം കോഴിക്കോട്

കോഴിക്കോട്: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ പോലീസുദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് മരിച്ചത്.

സുധീഷിനെ ഇന്നലെ രാവിലെ മുതല്‍ സ്റ്റേഷനില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

also read: ഇന്ന് വിജയദശമി, അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍, ക്ഷേത്രങ്ങളിലെല്ലാം വന്‍തിരക്ക്

മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ടി ബി റോഡില്‍ മൈജിക്ക് സമീപത്തുവെച്ചാണ് സുധീഷിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.സുധീഷ് ചിട്ടി കമ്പനി തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ്.

ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയ സാഹചര്യത്തില്‍ കേസ് ഫയല്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. അതേസമയം, രാത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Exit mobile version