കുഞ്ഞ് ബസില്‍ ചര്‍ദ്ദിച്ചു, അച്ഛനെ തെറിവിളിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; ഗതാഗതമന്ത്രിയ്ക്ക് പരാതി

സുല്‍ത്താന്‍ ബത്തേരി: കുഞ്ഞ് ബസില്‍ ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അച്ഛനെ തെറിവിളിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ഇന്നലെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കൊടുവളളിയിലേക്ക് വരുകയായിരുന്ന KL 15A 1503 നമ്പര്‍ ബസിലാണ് നാലുവയസുകാരനും കുടുംബത്തിനും ദുരനുഭവം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് പടനിലം സ്വദേശിയായ യുവാവ് ഗതാഗതമന്ത്രി ആന്റണി രാജുവിന് പരാതി നല്‍കി. യുവാവും കുഞ്ഞും സ്ത്രീകളും ഉള്‍പ്പെടുന്ന കുടുംബം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ബസ് അടിവാരത്തെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞ് ഒരു തവണ ചര്‍ദിച്ചു. കയ്യില്‍ സൂക്ഷിച്ചിരുന്ന പോളിത്തീന്‍ കവറും തുണികളുമുപയോഗിച്ച് ആ സാഹചര്യം കൈകാര്യം ചെയ്‌തെങ്കിലും പിന്നീട് കൊടുവള്ളിയിലെത്താന്‍ നേരമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്.

ഇറങ്ങാറായപ്പോള്‍ ഒരു കയ്യില്‍ കുട്ടിയെയും മറ്റേ കയ്യില്‍ സാധനങ്ങളുമായി യുവാവ് ബസിന്റെ ഡോറിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ആ സമയം അപ്രതീക്ഷിതമായി കുട്ടി ചര്‍ദിച്ചു, ബസിനുള്ളിലാവേണ്ടെന്ന് കരുതി താന്‍ കുഞ്ഞിന്റെ തല ഫുട്ട് ബോര്‍ഡിലേക്ക് തിരിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു. എന്നാല്‍ ആ സമയം ബസ് കണ്ടക്ടര്‍ മോശമായി പെരുമാറുകയും ദേഷ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്നും പറഞ്ഞ് ഒച്ചയിടാനാരംഭിച്ച കണ്ടക്ടര്‍ തെറി വാക്കുകളും ഉപയോഗിച്ചായിരുന്നു പിന്നീടുള്ള സംസാരമെന്ന് യാത്രക്കാരും പറയുന്നു. കൊടുവള്ളിയിലിറങ്ങിയ ശേഷവും യാത്രക്കാരനും കണ്ടക്ടറും തമ്മില്‍ സംസാരം തുടര്‍ന്നു. കേട്ടുനിന്ന മറ്റു യാത്രക്കാരും കണ്ടക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.

തീര്‍ത്തും മാനുഷിക പരിഗണനയോട് കൂടി പെരുമാറേണ്ട സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നുള്ള മോശം പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിക്കുന്നതായിരുന്നുവെന്ന് കുടുംബം പറയുന്നു. യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന താന്‍ ഒരു റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മകനാണെന്നും, ഈ ദുരാനുഭവം ജീവിതത്തില്‍ ആദ്യമാണെന്നും പറയുന്നു യുവാവ്. കണ്ടക്ടറുടെ ഒച്ചയെടുത്തുള്ള സംസാരവും ബഹളവും കേട്ട് കുഞ്ഞും പരിഭ്രാന്തിയിലായെന്ന് പരാതിയില്‍ പറയുന്നു.

Exit mobile version