ഉദ്ദിഷ്ഠ കാര്യലബ്ദി: ക്ഷേത്രത്തിലേക്ക് കാണിക്കയായി നൂറ്റിയൊന്നു കുപ്പി വിദേശമദ്യം സമര്‍പ്പിച്ച് ഭക്തന്‍; ഭക്തര്‍ക്ക് സൗജന്യമായി നല്‍കും

കൊല്ലം: കൊല്ലത്തെ മലനട ക്ഷേത്രത്തില്‍ നൂറ്റിയൊന്നു കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍. വിവിധ ബ്രാന്‍ഡുകളിലുളള മദ്യമാണ് ക്ഷേത്രത്തിന് നടവരവായി ലഭിച്ചത്. വഴിപാടായി ലഭിച്ച മദ്യം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് സൗജന്യമായി നല്‍കാന്‍ ക്ഷേത്രഭരണസമിതി തീരുമാനിച്ചു.

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണ് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലനട അപ്പൂപ്പന് മുന്നില്‍ മദ്യം വഴിപാടായി നല്‍കുന്നതാണ് പാരമ്പര്യം.

ഇങ്ങനെ കഴിഞ്ഞ ദിവസം ഒരു ഭക്തന്‍ എത്തിച്ചത് നൂറ്റിയൊന്നു കുപ്പി വിദേശമദ്യമാണ്. മഹാഭാരതത്തിലെ കൗരവ പ്രധാനിയായ ദുര്യോധന മഹാരാജാവാണ് ക്ഷേത്രത്തിലെ മുഖ്യ ആരാധനാമൂര്‍ത്തി.

പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹിച്ചു. അടുത്തുളള വീട്ടിലെത്തി വെളളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണ് നല്‍കിയത്. ഇതിന്റെ സ്മരണയിലാണ് ഇപ്പോഴും മദ്യസമര്‍പ്പണം തുടരുന്നതെന്നാണ്
ഐതീഹ്യം. ദ്രാവിഡാചാരം നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ മദ്യത്തിന് പുറമേ മുറുക്കാന്‍, കോഴി എന്നിവയും വഴിപാട് സമര്‍പ്പിക്കാറുണ്ട്.

Exit mobile version