തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം, ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

attack | bignewslive

കട്ടപ്പന: തട്ടുകടയില്‍ നിന്നും ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയിലാണ് സംഭവം. പുളിയന്മല ചിത്ര ഭവനില്‍ ശിവചന്ദ്രനാണ് പരിക്കേറ്റത്. അമ്പലമേട്ടില്‍ താമസിക്കുന്ന സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തട്ടുകടയിലെ സാധനങ്ങള്‍ തീര്‍ന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാല്‍ കട അടക്കാന്‍ തുടങ്ങിയപ്പോഴാണ് സുജീഷ് കടയിലെത്തിയത്. എതിര്‍ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനായതിനാല്‍ സുജീഷിന് പരിചയത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കായി വച്ചിരുന്ന ദോശയിലൊന്ന് നല്‍കി.

എന്നാല്‍ ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി തര്‍ക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ശിവയെ മര്‍ദ്ധിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്റെ കടിയേറ്റ് ശിവചന്ദ്രന്റെ മൂക്കിന് മുറിവേല്‍ക്കുകായയിരുന്നു.

അതിനിടെ അക്രമം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചതായി പരാതിയുണ്ട്. ഹോട്ടല്‍ ജീവനക്കാരുടെയുള്‍പ്പെടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുജീഷും കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Exit mobile version