പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ പരിചയം, പിന്നീട് പ്രണയംനടിച്ച് പീഡനം; പ്രതി പിടിയില്‍

കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലിനെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലിനെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയിരുന്നു. പോലീസ് പിന്തുടരുന്നത് അറിഞ്ഞ പ്രതി ഉള്‍വനത്തില്‍ ഒളിവില്‍ പോയി. തുടര്‍ന്ന് സനലിനെ അതിസാഹസികമായാണ് പോലീസ് കീഴടക്കിയത്.

ഫേസ്ബുക്കിലൂടെ രണ്ടു വര്‍ഷം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സനല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും ഇയാള്‍ പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു.

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടിത്തത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. ആനയും വന്യമൃഗങ്ങളും വ്യാപകമായി കാണപ്പെടുന്ന വന മേഖലയില്‍ ഒരു രാത്രിയും പകലും നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ വലയിലായതെന്ന് പോലീസ് പറഞ്ഞു.

ALSO READ ലോണ്‍ ആപ്പ് വഴി തട്ടിപ്പിന് ഇരയായത് നിരവധിപേര്‍, പോലീസിന് രണ്ട് ദിവസം കൊണ്ട് ലഭിച്ചത് 15 പരാതികള്‍

അതേസമയം, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു.

Exit mobile version