യുവനടിയെ പീഡിപ്പിച്ച കേസ്, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ലുലു കോടതിയില്‍, ഇടക്കാല മുന്‍കൂര്‍ ജാമ്യം

OMAR LULU|BIGNEWSLIVE

കൊച്ചി: പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. യുവനടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. ഹൈക്കോടതിയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് നടിയുമായുണ്ടായതെന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ നസറുദ്ദീന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്ക് മാറ്റിയിട്ടുണ്ട്. ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി.

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ചെന്നും വിവിധ സ്ഥലങ്ങളില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നും നടി പരാതിയില്‍ പറയുന്നു.

കൊച്ചിയില്‍ സ്ഥിരതാമസക്കാരിയാണ് നടി. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു.

Exit mobile version