യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചില്ല; മനംനൊന്ത് പെൺകുട്ടി കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം കൊല്ലത്ത്

കുണ്ടറ: കൊല്ലം കുണ്ടറയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. സ്വയം കഴുത്തറുത്ത് മരിച്ച നിലയിലാണ് ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ സൂര്യ (22)യെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് ഏഴോടെ വീടിന്റെ ടെറസിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കത്ത് സമീപത്ത് നിന്ന് കണ്ടെത്തി. ഒപ്പം അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും പോലീസിന് ലഭിച്ചു.

വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചു നിൽക്കവെയാണ് സൂര്യ വീടിന് മുകളിലേക്ക് കയറിപ്പോയത്. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവരാത്തതിനെ തുടർന്ന് അന്വേഷിച്ചുചെന്ന അനിയത്തിയാണ് സൂര്യയെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ സൂര്യയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ- വിധവകൾക്കും വൃദ്ധർക്കും പെൻഷനായി ലഭിക്കുന്നത് 1000 രൂപ; അലഞ്ഞുനടക്കുന്ന പശുക്കൾക്ക് 1500 രൂപ! കൂടുതൽ സുരക്ഷ പശുക്കൾക്ക് നൽകാൻ യോഗി സർക്കാർ

പെൺകുട്ടിയുടെ കൈപ്പടയിൽ എഴുതിയ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പും പോലീസ് കണ്ടെത്തി. റൂറൽ എസ്പി സുനിൽ എംഎൽ, ഡിവൈഎസ്പി എസ് ഷെറീഫ്, കുണ്ടറ എസ്‌ഐ ബി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Exit mobile version