കരൾ രോഗമുണ്ടായിരുന്നതിനാൽ മരണത്തിൽ അസ്വഭാവികത തോന്നിയില്ല; മുഹമ്മദലിയുടെ കുടുംബവും ചികിത്സയ്ക്ക് എത്തിയതോടെ ഹാരിസിന്റെ മരണത്തിലും സംശയം, നിപ തെളിഞ്ഞതിങ്ങനെ

കോഴിക്കോട്: മമ്പള്ളിക്കുനി ഹാരിസ് മരിച്ചത് നിപകാരണമാണെന്ന സംശയം ഉയർന്നപ്പോൾ തന്നെ പ്രതിരോധം തീർത്ത് നാട്. തിങ്കളാഴ്ച രാത്രിയോടെയാണ് ഹാരിസിന്റെ മരണം നിപ ബാധിച്ചാണെന്ന് സംശയം ഉയർന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ നാട്ടിൽ പ്രതിരോധ കോട്ടയുയർന്നു. വിദ്യാലയങ്ങളും കോളേജും മദ്രസകളുമടക്കം തുറന്നില്ല. വീടിനുസമീപത്തായി അടുത്ത ചില ബന്ധുക്കളുണ്ട്. ചില നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്കുള്ള വഴിയിലും റോഡിലും എത്തി മടങ്ങുകയായിരുന്നു.

നിലവിൽ ഹാരിസിന്റെ വീടിനുസമീപത്തെ റോഡരികിലെ കടകളൊന്നും തുറന്നിട്ടില്ല. വീട്ടിൽ ഹാരിസിന്റെ ഭാര്യയും മക്കളും ഉമ്മയുമുണ്ട്. ഇവർ വീട്ടിനുള്ളിൽ ക്വാറന്റീനിലാണ്. ആരോഗ്യപ്രശ്നങ്ങളൊന്നും കുടുംബത്തിന് റിപ്പോർട്ട് ചെയ്തിട്ടില്ല.

മരിച്ച എടവലത്ത് മുഹമ്മദലിയുടെ വീട്ടിൽ ഇപ്പോൾ ആരുമില്ല. ഭാര്യയും മക്കളും കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഒൻപത് വയസ്സുള്ള മകനും ഭാര്യാ സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയുടേയും ഭാര്യാസഹോദരന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റേയും പരിശോധനാഫലം നെഗറ്റീവാണ്.

മുഹമ്മദലി മരിച്ച സമയത്ത് ഒട്ടേറെപ്പേർ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. മരണാനന്തരച്ചടങ്ങുകളിലും ഒട്ടേറെപ്പേർ പങ്കെടുത്തു. ഇതാണ് സമ്പർക്ക പട്ടിക നീളാൻ കാരണമായത്. സമ്പർക്കമുണ്ടെങ്കിലും കുടുംബത്തിന് പുറത്തുനിന്നുള്ള മറ്റാർക്കും രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 90 ഓളം പേർ ഈ സമ്പർക്കപ്പട്ടികയിലുണ്ട്.

also read- നാല് നിപ കേസുകളിൽ രണ്ട് പേർ ചികിത്സയിലുള്ളവർ; മരിച്ച ഹാരിസും മുഹമ്മദുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കം; ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു; സമീപ ജില്ലകളിലും ജാഗ്രത

കൂടാതെ, നിപ ബാധിച്ച് ആദ്യം മരണപ്പെട്ട മുഹമ്മദലിക്ക് കരൾരോഗബാധയുണ്ടായതിനാൽ മരണത്തിൽ അസ്വഭാവികത തോന്നിയിരുന്നില്ല. പനി മരണമാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. അതുകൊണ്ട് സ്രവപരിശോധനയൊന്നും നടത്തിയില്ലായിരുന്നു. പിന്നീട് മുഹമ്മദലിയുടെ ഭാര്യയും മകനും ഭാര്യാസഹോദരനും അദ്ദേഹത്തിന്റെ കുഞ്ഞും രോഗലക്ഷണങ്ങളോടെ മിംസ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ എത്തിയപ്പോഴാണ് നിപയാണെന്ന സംശയമുയർന്നത്.

ALSO READ- ദേശീയപാതയിൽ ഇന്ധനം തീർന്ന് ബസ് നിർത്തിയിട്ടു; പുറകിൽ പാഞ്ഞുകയറി ട്രക്ക്; പതിനൊന്ന് പേർക്ക് ദാരുണമരണം, 12 പേർക്ക് പരിക്കേറ്റു

ഇവരാണ് വീട്ടിൽ രണ്ടാഴ്ച്ച മുമ്പ് ഒരാൾ മരിച്ചിരുന്നുവെന്നും അദ്ദേഹം മരണത്തിന് മുമ്പ് പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നുവെന്നും സൂചന നൽകിയത്. ന്യൂമോണിയക്ക് ചികിത്സയ്ക്കെത്തിയ ഇവർക്കെല്ലാം സമാന ലക്ഷണങ്ങൾ കണ്ടെത്തുകയും ഒരു കുട്ടി അപസ്മാര ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതോടെ നിപയുടെ പുതിയ ക്ലസ്റ്റർ തിരിച്ചറിയുകയായിരുന്നു. ഈ വിവരം പെട്ടെന്ന് തന്നെ ആരോഗ്യ മന്ത്രിയെ അറിയിക്കുകയും സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഈ സമയത്ത് തന്നെയാണ് ഹാരിസ് എന്ന രോഗി ന്യൂമോണിയയുമായി ചികിത്സ തേടിയത്. ഇദ്ദേഹം പെട്ടെന്ന് മരണപ്പെട്ടു. ആരോഗ്യവാനായ യുവാവ് പെട്ടെന്ന് മരിച്ചതോടെ അദ്ദേഹത്തിന്റെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുകയായിരുന്നു. ആദ്യം മരിച്ച മുഹമ്മദലിയുമായി ബന്ധമുണ്ടോ എന്നാണ് ആദ്യം തിരക്കിയത്. എന്നാൽ അവർ ബന്ധുക്കളായിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാരിസ് ഒരു ബന്ധുവുമായി സ്വകാര്യ ആശുപത്രിയിൽ പോയ കാര്യമറിഞ്ഞത്. ആദ്യം മരിച്ച മുഹമ്മദലിയും ഇതേ സമയത്ത് ആ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന് കണ്ടെത്തി. തുടർന്നാണ് ഹാരിസിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ പരിശോധന പൂർത്തിയാക്കുന്നത് വരെ കാത്തത്. പിന്നീട് രോഗം സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് ഹാരിസിന്റെ മൃതദേഹം ജന്മനാട്ടിൽ മസ്ജിദിൽ സംസ്‌കരിച്ചത്.

Exit mobile version