ഈ ക്രൂരക അനുവദിക്കാനാവില്ല; ആനയെ പണി എടുപ്പിക്കുന്നതിനൊപ്പം പട്ടിണിക്കിട്ട് മര്‍ദ്ദിച്ചു, മൂന്നാറിലെ ആന സവാരി കേന്ദ്രത്തിനെതിരെ പരാതിയുമായി മൃഗസ്‌നേഹികള്‍

ആനയെ ചികില്‍സക്ക് വിധേയമാക്കണമെന്നും മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മൃഗസ്‌നേഹികളുടെ ആവശ്യം

ഇടുക്കി: മൂന്നാറിലെ ആന സവാരി കേന്ദ്രത്തില്‍ ആനയെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചുവെന്ന് പരാതി. മൃഗസ്‌നേഹികളുടെ കൂട്ടായ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. ആനയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിശദമായി അന്വേഷിക്കണമെന്നാവശ്യപെട്ട് വനം മന്ത്രി, വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൃഗ സംരക്ഷണ വകുപ്പ് എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, പരാതി അടിസ്ഥാന രഹിതമാണെന്നും അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും സവാരി കേന്ദ്രം വിശദീകരിച്ചു. മൂന്നാര്‍ മാട്ടുപെട്ടി റോഡിലുള്ള ആന സവാരി കേന്ദ്രത്തില്‍ ആറ് ആനകളാണുള്ളത്. ഇതില്‍ ഒരാനെയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ കണ്ടശേഷം വിനോദ സഞ്ചാരികള്‍ക്കൊപ്പം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് മൃഗസ്‌നേഹികളുടെ കൂട്ടായ്മ പറയുന്നത്.

ആനയെ ചികില്‍സക്ക് വിധേയമാക്കണമെന്നും മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മൃഗസ്‌നേഹികളുടെ ആവശ്യം. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും മൃഗസ്‌നേഹികളുടെ കൂട്ടായ്മ ആലോചിക്കുന്നുണ്ട്.

Exit mobile version