ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, ഇന്നും നാളെയും പെരുമഴക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായിട്ടാണ് മഴ.

അറബിക്കടലില്‍ കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടുകയാണ്. ഇതുകാരണവും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

also read: താമര വാടി! ആദ്യ റൗണ്ടില്‍ 500ല്‍ താഴെ വോട്ട് മാത്രം, ചിത്രത്തില്‍ പോലുമില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍

അതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ച പ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version