ടൂറിസ്റ്റുകളായി എത്തി, രക്ഷകരായി മടങ്ങി; ഇടുക്കിയിൽ കൊക്കയിൽ വീണ കാർ യാത്രകരെ ജീവൻ പണയം വെച്ച് ഉടുമുണ്ടിൽ തൂങ്ങിയിറങ്ങി രക്ഷിച്ച് മലപ്പുറം സ്വദേശികൾ, നന്മ

ഇടുക്കി: പതിനാല് അംഗങ്ങൾ ചേർന്ന വിനോദയാത്രാ സംഘം മലപ്പുറത്തു നിന്നും ഇടുക്കി കാണാനെത്തിയപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല, തങ്ങളുടെ നിയോഗം രക്ഷകരുടേതാണ് എന്ന്. കാഴ്ചകൾ കണ്ട് മടങ്ങുന്നതിനിടെയാണ് മലപ്പുറത്ത് നിന്നെത്തിയ യുവാക്കളുടെ സംഘം കൊക്കയിൽ വീണ കുടുംബത്തെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു ഈ സംഭവം. ഇടുക്കി തൊടുപുഴ റൂട്ടിൽ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയിൽ വിജനമായ സ്ഥലത്തെ താഴ്ചയിലേക്കാണ് ഒരു കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞത്. മലപ്പുറത്തെ യാത്രികരുടെ സംഘം മടങ്ങുന്നതിനിടെയാണ്ഒരു ഓട്ടോ ഡ്രൈവർ ഇവരുടെ വാഹനം കൈ കാണിച്ച് കാർ കൊക്കയിലേക്ക് മറിഞ്ഞ വിവരം അറിയിച്ചത്.

വഴിയിൽ കൊക്കയിലേക്ക് ഒരു കാർ മറിഞ്ഞിട്ടുണ്ട്, ഒന്ന് വരുമോ?’ എന്നായിരുന്നു ആ ചോദ്യം. പിന്നെ ഒന്നും ആലോചിച്ചില്ല, സംഘം ഒന്നിച്ച് വാഹനത്തിൽ നിന്നിറങ്ങി സംഭവസ്ഥലത്തേക്ക് പോയി. ഇവർ സ്ഥലത്തെത്തുമ്പോൾ ഇറങ്ങാൻ പോലും പറ്റാത്തത്ര താഴ്ചയിൽ വാഹനം മറിഞ്ഞു കിടക്കുന്നതാണ് കണ്ടത്. വാഹനത്തിലുള്ളവരുടെ കിടപ്പ് കണ്ട് ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നിൽക്കാൻ ഇവരുടെ മനസാക്ഷി അനുവദിച്ചില്ല.

കൊടും താഴ്ചയായതിനാൽ തന്നെ അങ്ങോട്ട് ഇറങ്ങാനുള്ള സംവിധാനം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. റേഞ്ച് ഇല്ലാത്ത സ്ഥലം ആയുകൊണ്ട് തന്നെ ഫയർഫോഴ്‌സിനെ വിളിച്ചിട്ട് കിട്ടിയതും ഇല്ല. തുടർന്ന് ഇരുപത് അടിയോളം താഴ്ചയിൽ വണ്ടി വീണുകിടക്കുന്ന സ്ഥലത്തേക്ക് സ്വന്തം ജീവൻ പണയം വെച്ച് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു ഇവർ.

ALSO READ- ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ റോഡരികില്‍ കിടന്ന് 69കാരന്‍, കൈകാണിച്ചിട്ടും നിര്‍ത്താതെ മറ്റ് വാഹനങ്ങള്‍; ഒടുവില്‍ രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍! മാതൃക

മൂന്നു പേർ ഉടുത്തിരുന്ന തുണി അഴിച്ച് കൂട്ടികെട്ടി കയറുപോലെയാക്കി താഴ്ചയിലേക്ക് ഇട്ടുകൊടുത്തു. അതിൽ തൂങ്ങി രണ്ടുപേർ താഴോട്ട് ഇറങ്ങി. രണ്ടുമിനിറ്റിനുള്ളിൽ ഇറങ്ങി അഞ്ചുമിനിറ്റ് കൊണ്ട് എല്ലാവരേയും മുകളിലേക്ക് എത്തിക്കാൻ ഈ രക്ഷകർക്കായി.

കാറിനുള്ളിൽ നിന്ന് പരിക്കേറ്റ് കിടന്നവരെ ഇറക്കിയ ശേഷം മേലോട്ട് എത്തിക്കാനായിരുന്നു പ്രയാസം. താഴെ നിന്ന് ഇവരെ എടുത്തുപൊക്കി കൂട്ടുകാരെ ഏൽപ്പിക്കുകയായിരുന്നു ഇവർ ചെയ്തത്. എല്ലാവരും ഒരുമിച്ച് നിന്നപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ കാഠിന്യ ംകുറഞ്ഞു.

ALSO READ- ബാലൺ ഡിയോർ ഇത്തവണ മെസിക്കോ ഹാളണ്ടിനോ? ക്രിസ്റ്റ്യാനോ ഇല്ലാത്ത അന്തിമ പട്ടിക

തുണി പിടിച്ച് ഇറങ്ങിയപ്പോൾ അവരെ മുകളിലെത്തിക്കും എന്ന വാശിയായിരുന്നുവെന്നാണ് രക്ഷകരുടെ സംഘത്തിലുള്ളയാൾ പറഞ്ഞത്. അപകടത്തിൽ രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബത്തിനാണ് പരിക്കേറ്റത്. ഇവരെ മറ്റൊരു വാഹനത്തിൽ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് മലപ്പുറത്തേക്ക് യാത്രാസംഘം തിരിക്കുകയായിരുന്നു. തിരികെ വരുമ്പോൾ കുളമാവ് ഡാമിന് സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരോട് വിവരം പറഞ്ഞ് ഫോൺ നമ്പറും നൽകി. പരിക്കേറ്റവർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നതായി പോലീസ് വിളിച്ചു അറിയിച്ചുവെന്നും സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു.

ഈ രക്ഷക സംഘത്തിൽ കൂട്ടിലങ്ങാടി സ്വദേശികളായ യൂനുസ്, ഹാരിസ്, മുസ്തഫ, ഇബ്രാഹിം, ഹസൻ, ഷബീബ്, അഷ്‌റഫ്, അയ്യൂബ്, ഷാജിമോൻ, മുജീബ്, അനീസ്, അബ്ദുൽ കരീം, അൻവർ, റഷീദ് എന്നിവരാണ് ഉണ്ടായിരുന്നത്. യൂനുസ്, ഹാരിസ് എന്നിവരാണ് താഴ്ചയിലേക്ക് ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. ബാക്കിയുള്ളവർ മുകളിൽ നിന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

Exit mobile version