വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചു, വഴക്കിട്ടു: പോലീസിനോട് വെളിപ്പെടുത്തി സഞ്ജിത്ത്, അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചെന്ന് മകളുടെ മൊഴി

തിരുവനന്തപുരം: നടി അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സഞ്ജിത്തിന്റെ മൊഴി പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിനുള്ളില്‍ വെച്ച് അപര്‍ണ നായരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ പീഡനം കാരണമാണ് അപര്‍ണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആത്മഹത്യയ്ക്ക് മുന്‍പ് നടന്ന കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജിത്ത്. മരണദിവസം ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്ന് സഞ്ജിത്ത് പോലീസിനോട് പറഞ്ഞു.

രാവിലെ ഇരുവരും ആറ്റുകാലില്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. രാത്രിയോടെ ഓണാഘോഷം കാണാന്‍ പോകാനിരുന്നതാണ്. ഇതിനിടയില്‍ തര്‍ക്കം ഉണ്ടായെന്നുമാണ് സഞ്ജിത്ത് പോലീസില്‍ മൊഴി നല്‍കിയത്.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഞ്ജിത്ത് മകളുമായി വീട്ടില്‍ നിന്നിറങ്ങിപ്പോയി. മേട്ടുക്കടയിലെത്തിയപ്പോള്‍ അപര്‍ണ ആത്മഹത്യക്കു ശ്രമിച്ചുവെന്ന ഫോണ്‍കോളിനെ തുടര്‍ന്നാണ് മടങ്ങിയെത്തിയതെന്നും മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസ്സുകാരി മകളും മൊഴി നല്‍കിയതായും കരമന പോലീസ് പറഞ്ഞു.

എന്നാല്‍ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പോലീസ് പറയുന്നത്. കുടുംബപ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാണ് സഞ്ജിത്ത് ആദ്യം നല്‍കിയ മൊഴി.

Exit mobile version